‘കുഞ്ഞ് പീഡിപ്പിക്കപ്പെട്ടെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസിലും പൊലീസിലും അറിയിച്ചു; നടപടിയുണ്ടായില്ല’

തിരുവനന്തപുരം നെടുമങ്ങാട് പനവൂർ സ്വദേശിയായ ഒന്നര വയസുകാരൻ അർഷിദ് മരിക്കുന്നതിനു മുൻപ് ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന വിവരം ചൈൽഡ് പ്രൊട്ടക്‌ഷൻ ഓഫിസിലും പൊലീസിലും അറിയിച്ചിരുന്നുവെന്നും കൃത്യമായി നടപടി എടുത്തിരുന്നെങ്കിൽ കുഞ്ഞ് മരിക്കുമായിരുന്നില്ലെന്നും അർഷിദിൻ്റെ മാതാവ് അഖിലയുടെ അമ്മ റീന. നെടുമങ്ങാട് ഡിവൈഎസ്‌പിയോട് എല്ലാ കാര്യങ്ങളും പറഞ്ഞിരുന്നുവെന്ന് റീന പറഞ്ഞു.
റീനയ്ക്കെ‌തിരെ അഖിലയുടെ രണ്ടാം ഭർത്താവും കേസിൽ പ്രതിയുമായ അഷ്‌കർ ഡിവൈഎസ്‌പി ഓഫിസിൽ പരാതി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിളിച്ചപ്പോഴാണ് ഡിവൈഎസ്‌പിയെ കണ്ട് കാര്യങ്ങൾ അറിയിച്ചത്. തുടർന്ന് നെടുമങ്ങാട് സ്‌റ്റേഷനിൽ പരാതി നൽകാൻ എത്തിയപ്പോൾ രസീത് നൽകാൻ പോലും അരുൺ എന്ന ഉദ്യോഗസൻ വിസമ്മതിച്ചുവെന്നും റീന പറഞ്ഞു. കുഞ്ഞിൻ്റെ രണ്ടു കൈകളും ഒടിഞ്ഞതിന്റെ ചിത്രം കണ്ടപ്പോഴാണ് ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിനെയും പൊലീസിനെയും അറിയിച്ചതെന്നും റീന വ്യക്‌തമാക്കി.

റീനയുടെ പരാതിയിൽ നടപടി എടുക്കാതിരുന്ന ചൈൽഡ് പ്രൊട്ടക്ഷൻ ഹെൽപ് ലൈനിലെ ടെലിഫോൺ ഓപ്പറേറ്ററെ പുറത്താക്കാൻ മന്ത്രി ബിന്ദുകൃഷ്ണ നിർദേശം നൽകിയിരുന്നു. അർഷിദിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ അമ്മ അഖിലയും രണ്ടാം ഭർത്താവ് അഷ്കറും റിമാൻഡിലാണ്.
സൈക്കിളിൽനിന്നു വീണ് കൈകൾ ഒടിഞ്ഞെന്നാണ് അഖിലയും അഷ്കറും പറഞ്ഞതെങ്കിലും റീന അതു വിശ്വസിച്ചില്ല. കുഞ്ഞിൻ്റെ സംരക്ഷണം ഏറ്റെടുക്കാമെന്ന് അറിയിച്ച് നെടുമങ്ങാട് പൊലീസിൽ പരാതി നൽകി. കുഞ്ഞിന് മർദനമേറ്റെന്ന സംശയവും റീന പൊലീസിനു മുന്നിൽ ഉന്നയിച്ചിരുന്നു. എന്നാൽ കുഞ്ഞിനെ വിട്ടുതരില്ലെന്ന് കടുത്ത നിലപാടെടുത്ത അഖില, തന്നെ നിരന്തരം ശല്യപ്പെടുത്തുന്നുവെന്ന് ആരോപിച്ച് അമ്മയ്ക്കെതിരെ പൊലീസിൽ മറ്റൊരു പരാതി നൽകുകയാണ് ചെയ്തത്.

2 വർഷം മുൻപാണ് അഖിലയുടെ ഭർത്താവ് എസ്.അഖിൽ ജീവനൊടുക്കിയത്. അതിനുശേഷവും കുഞ്ഞ് ജനിക്കുമ്പോഴും അഖില അമ്മയ്ക്കൊപ്പമായിരുന്നു താമസം. 5 മാസം മുൻപാണ് അഷ്കറിനൊപ്പം വാടക വീട്ടിലേക്ക് മാറിയത്. ആദ്യം കുഞ്ഞിന് അഖി എ.അഖിൽ എന്നാണ് പേരിട്ടിരുന്നതെങ്കിലും അഷ്കറിൻ്റെ നിർബന്ധപ്രകാരമാണ് അർഷിദ് എന്ന് പേരിട്ടതെന്നും റീന പറഞ്ഞു. മേയ് 29ന് വൈകിട്ട് അവശനിലയിൽ പനവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അർഷിദിനെ തുടർന്ന് എസ്എടി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അവിടെ എത്തും മുൻപേ മരിക്കുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top