പയ്യന്നൂർ: കളിക്കുന്നതിനിടെയുണ്ടായ പരിക്കിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒന്നര വയസ്സുകാരൻ അനസ്തേഷ്യ നൽകിയതിന് പിന്നാലെ മരിച്ചു. പയ്യന്നൂർ സ്വദേശികളായ സൂരജ് – വിജിഷ ദമ്പതികളുടെ മകൻ ദേവാൻഷ് ശൗര്യയാണ് മരണപ്പെട്ടത്.
കളിക്കുന്നതിനിടെ കുട്ടിയുടെ ചുണ്ടിനും താടിക്കും മുറിവേറ്റിരുന്നു. ഇതിനെ തുടർന്നാണ് കുട്ടിയെ പയ്യന്നൂരിലെ ബി.എം.എച്ച് (BMH) ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവിടെ വെച്ചാണ് കുട്ടിയ്ക്ക് അനസ്തേഷ്യ നൽകിയത്. എന്നാൽ ഇതിന് പിന്നാലെ കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലാവുകയും പിന്നീട് മരണപ്പെടുകയുമായിരുന്നു.
ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ചികിത്സാപിഴവാണ് കുട്ടിയുടെ മരണത്തിന് കാരണമായതെന്ന് ചൂണ്ടിക്കാട്ടി രക്ഷാകർത്താക്കൾ പരാതി നൽകിയിട്ടുണ്ട്. മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഡോ. അഞ്ജലി പൊതുവാളിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.


