കാസർകോട്: കാറിൽ കടത്തുകയായിരുന്ന എം.ഡി.എം.എയും ഇ സിഗരറ്റും പാൻ മസാലയും 19,360 രൂപയുമായി രണ്ടു പേർ അറസ്റ്റിൽ. നെക്രാജെ, ചർളടുക്കം, റിഫ മൻസിലിലെ അബൂബക്കർ സിദ്ദിഖ് (38), ചട്ടഞ്ചാൽ, കുന്നാ റയിലെ പി.ഹാരിസ്(42) എന്നിവരെയാണ് മഞ്ചേശ്വരം പൊലീസ് ഇൻസ്പെക്ടർ പി.കെ.ജിജീഷ്, എസ്.ഐമാരായ കെ.ആർ.ഉമേശ്, വൈഷ്ണവ് രാമചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റു ചെയ്‌തത്. ചൊവ്വാഴ്‌ച വൈകുന്നേരം 6.30 മണിക്ക് തലപ്പാടിയിലാണ് സംഭവം. തലപ്പാടിയിൽ വാഹന പരിശോധന നടത്തുകയായിരുന്നു പൊലീസ് സംഘം. ഈ സമയത്ത് എത്തിയ കാർ തടഞ്ഞു നിർത്തി നടത്തിയ പരിശോധനയിലാണ് 3.21 ഗ്രാം എം.ഡി എം.എ, 12 പാൻ മസാല, ഇ സിഗരറ്റ്, 19, 360 രൂപ എന്നിവ പിടികൂടിയത്. അറസ്റ്റ് ചെയ്യുന്നതിനിടയിൽ പ്രതികൾ അക്രമാസക്തരാവുകയും പൊലീസിൻ്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തി സിവിൽ പൊലീസ് ഓഫീസർ സജീഷിനെ അടിച്ചു പരിക്കേൽപ്പിച്ചതായും പൊലീസ് പറഞ്ഞു. പൊലീസ് സംഘത്തിൽ എ.എസ്.ഐ സദൻ, സിവിൽ പൊലീസ് ഓഫീസർ ദിനേശ് എന്നിവരും ഉണ്ടായിരുന്നു. അറസ്റ്റിലായ അബൂബക്കർ സിദ്ദിഖിനെതിരെ ബദിയഡുക്കയിൽ മൂന്നും ഹാരിസിനെതിരെ മേൽപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ നരഹത്യാശ്രമം ഉൾപ്പെടെ മൂന്നു കേസുകൾ ഉള്ളതായും പൊലീസ് പറഞ്ഞു.
കാറിൽ കടത്തിയ എം.ഡി.എം.എയും 19,360 രൂപയുമായി ചർളടുക്കം, ചട്ടഞ്ചാൽ സ്വദേശികൾ അറസ്റ്റിൽ; പൊലീസിനെ കയ്യേറ്റം ചെയ്തതതായും പരാതി


