കൊച്ചി: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ ശിക്ഷ വിധിച്ച് ഹൈക്കോടതി. കേസിൽ പന്ത്രണ്ട് പ്രതികൾക്ക് ഹൈക്കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഒരു പ്രതിക്ക് ഒരു വർഷം തടവ് ശിക്ഷ.
ഒന്നാം പ്രതി ഹുസൈനെ ഹൈക്കോടതി വെറുതെവിട്ടിരുന്നു. നാലാം പ്രതിയെയും 1-ാം പ്രതിയെയും വെറുതെവിട്ട വിചാരണക്കോടതിയുടെ വിധി ഹൈക്കോടതി ശരിവെച്ചു. മറ്റ് 13 പ്രതികളുടെ ശിക്ഷാവിധിയാണ് ഹൈക്കോടതി പുറപ്പെടുവിച്ചത്.
കുറ്റക്കാരായ 13 പ്രതികൾക്കുമെതിരെ പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമത്തിലെ കുറ്റങ്ങൾ നിലനിൽക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമത്തിലെ കുറ്റങ്ങൾ നിലനിൽക്കില്ലെന്ന വിചാരണക്കോടതി വിധി ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. പ്രതികളുടെ ശിക്ഷാവിധി ഉയർത്തണമെന്ന് സർക്കാർ ആവശ്യപ്പെട്ടിരുന്നു.വിചാരണക്കോടതിക്കെതിരായ പ്രതികളുടെ അപ്പീലിൽ ഹുസൈന്റെ അപ്പീൽ ഹൈക്കോടതി സ്വീകരിക്കുകയും മറ്റ് പ്രതികളുടെ അപ്പീൽ തള്ളുകയുമായിരുന്നു. കിളിയിൽ മരക്കാർ, പുതുവാച്ചോല ഷംസുദ്ദീൻ, താഴുശ്ശേരി രാധാകൃഷ്ണൻ, പുതുച്ചോല അബൂബക്കർ, കുരുക്കൽ വീട്ടിൽ സിദ്ദീഖ്, നജീബ്, ജെയ്ജുമോൻ, സജീവ്, മുരുക്കട സതീശ്, പെരുവിൽ വീട്ടിൽ ബിജു, മുനീർ തുടങ്ങിയ പ്രതികളുടെ അപ്പീലാണ് ഹൈക്കോടതി തള്ളിയത്.
കാട്ടിൽ നിന്ന് പിടിച്ചുകൊണ്ട് വന്ന് മധുവിനെ മുക്കാലി ടൗണിൽ നിർത്തിയ സമയത്ത് അവസാന സമയത്ത് ചവിട്ടിയത് ഹുസൈനാണെന്നും ആ ചവിട്ടിൽ തെറിച്ചുവീണാണ് മധു മരിച്ചതെന്നുമാണ് പ്രോസിക്യൂഷൻ്റെ വാദം. എന്നാൽ താൻ അങ്ങനെ ചെയ്ത്‌തിട്ടില്ലെന്നും ആൾക്കൂട്ടത്തിനിടയിലാണ് താൻ ഉണ്ടായതെന്നും ഹുസൈൻ വാദിക്കുകയായിരുന്നു. ഹുസൈൻ ദൃശ്യങ്ങളും ഹാജരാക്കിയിരുന്നു.2018 ഫെബ്രുവരി 22നാണ് കേസിന് ആസ്‌പദമായ സംഭവം. മാനസികാസ്വാസ്ഥം ഉണ്ടായിരുന്ന ആദിവാസി യുവാവായ മധുവിനെ മോഷണക്കുറ്റം ആരോപിച്ച് മർദ്ദിച്ച് കൊല്ലുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ പ്രത്യേക കോടതി 13 പ്രതികൾക്ക് 7 വർഷത്തെ കഠിനതടവും പിഴയും ശിക്ഷ വിധിക്കുകയായിരുന്നു.
അട്ടപ്പാടി മധുവധക്കേസ്; പന്ത്രണ്ട് പ്രതികൾക്ക് ജീവപര്യന്തം


