കണ്ണൂർ: ഷുഹൈബ് വധക്കേസിൽ മുഴുവൻ പ്രതികളുടെയും ജാമ്യം റദ്ദ് ചെയ്തു. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയുടേതാണ് അസാധാരണ നടപടി. ആകാശ് തില്ലങ്കേരി ഉൾപ്പെടെയുള്ളവരുടെ ജാമ്യമാണ് കോടതി റദ്ദ് ചെയ്തത്.
പ്രതികളെ റിമാൻഡ് ചെയ്യാനും കോടതി നിർദേശിച്ചു. പ്രതികൾ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതികളുടെ ജാമ്യം കോടതി റദ്ദാക്കിയത്.
കഴിഞ്ഞയാഴ്ചയാണ് ഷുഹൈബ് കേസിൽ വിചാരണ ആരംഭിച്ചത്. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഒന്ന് മുതൽ അഞ്ച് വരെയുള്ള പ്രതികളെ കോടതിയിൽ സാക്ഷി തിരിച്ചറിഞ്ഞിരുന്നു. കൊലപാതക സമയത്ത് ഷുഹൈബിനൊപ്പമുണ്ടായിരുന്ന ആക്രമണത്തിൽ പരിക്കേറ്റ ഇ റിയാസിനെയാണ് കോടതി വിസ്തതരിച്ചത്. ആയുധങ്ങളുമായെത്തിയ സംഘം ഷുഹൈബിനെ തുരുതുരാ വെട്ടിവീഴ്ത്തുകയായിരുന്നു എന്നായിരുന്നു റിയാസിന്റെ മൊഴി. ജൂൺ 14 വരെ വിസ്‌താരം തുടരും.2018 ഫെബ്രുവരി 18ന് രാത്രി പത്തരയോടെയാണ് കേസിനാസ്‌പദമായ സംഭവം. ആകാശ് തില്ലങ്കേരി ഉൾപ്പെടെ സിപിഐഎം പ്രവർത്തകരും അനുഭാവികളുമായ 11 പേരാണ് കേസിലെ ആദ്യ കുറ്റപത്രത്തിലുണ്ടായിരുന്നത്. പിന്നീട് തുടരന്വേഷണം നടത്തി ആറ് പ്രതികളെ കൂടി ഉൾപ്പെടുത്തി അന്വേഷണസംഘം കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.
ഷുഹൈബ് വധക്കേസ്: ആകാശ് തില്ലങ്കേരി ഉൾപ്പെടെ മുഴുവൻ പ്രതികളുടെയും ജാമ്യം റദ്ദ് ചെയ്തു

