പശ്ചിമേഷ്യാ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ചെലവുചുരുക്കുന്നതിന് വഴികളാലോചിച്ച് എയർ ഇന്ത്യ. ഗുരുഗ്രാമിലെ ആസ്ഥാനത്ത് നടന്ന ബോർഡ് യോഗത്തിൽ ഇതിനുള്ള നിർദേശങ്ങളിൽ ധാരണയായെന്നാണ് വിവരം. നിലവിലെ സ്ഥിതി തുടരുന്ന സാഹചര്യമുണ്ടായാൽ അടുത്ത മൂന്നുമാസത്തേക്ക് സർവീസുകൾ 20 ശതമാനം വരെ വെട്ടിക്കുറയ്ക്കുന്നതാണ് പ്രഥമപരിഗണനയിൽ വരുന്നത്. കൂടാതെ ജീവനക്കാരെ ശമ്പളമില്ലാത്ത അവധിയിൽ വിടുന്നതിനും ധാരണയായതായി റിപ്പോർട്ടുണ്ട്. നോൺ ടെക്നിക്കൽ ജീവനക്കാരെയാകും ഇത്തരത്തിൽ നിർബന്ധിത അവധിയിൽ വിടുക.
ജീവനക്കാർക്കുള്ള ബോണസ് കുറയ്ക്കാനും ശമ്പളം വെട്ടിക്കുറയ്ക്കാനുമാണ് മറ്റൊരു നിർദേശം. വൈസ് പ്രസിഡൻ്റ് മുതൽ മുകളിലേക്കാകും ശമ്പളം കുറയ്ക്കുക. എയർ ഇന്ത്യയുടെ ശമ്പളപാക്കേജിന്റെ ഭാഗമായുള്ളതാണ് ബോണസ്. കമ്പനിയുടെ നഷ്ടം പെരുകുന്ന സാഹചര്യത്തിലാണ് ബോണസ് കുറയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. മാർച്ച് 31ന് അവസാനിച്ച സാമ്പത്തികവർഷം ഏകദേശം 22,000 കോടി രൂപയാണ് എയർ ഇന്ത്യയുടെ നഷ്ടം. അതേസമയം, ജീവനക്കാർക്ക് സ്ഥാനക്കയറ്റം നൽകുമെന്ന് സിഇഒ. കാംബെൽ വിൽസൺ അറിയിച്ചു. ജീവനക്കാരുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ശമ്പള വർധന നടപ്പാക്കുന്നതും നീട്ടിവെച്ചു. അടുത്ത പാദത്തിൽ മാത്രമേ ഇക്കാര്യം പരിഗണിക്കൂ. ജീവനക്കാരെ പിരിച്ചുവിടില്ലെന്നും സിഇഒ വ്യക്തമാക്കിയിട്ടുണ്ട്.
പശ്ചിമേഷ്യാസംഘർഷത്തെത്തുടർന്ന് വ്യോമപാതകളിൽ നിയന്ത്രണം തുടരുന്നത് വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവ് വലിയതോതിൽ ഉയർത്തുകയാണ്.
ഇന്ധനലഭ്യത കുറഞ്ഞത് വിമാന ഇന്ധനവില ഗണ്യമായി ഉയരാനും കാരണമായി. ഇതേത്തുടർന്ന് അഞ്ഞൂറോളം അന്താരാഷ്ട്ര സർവീസുകൾ എയർ ഇന്ത്യ റദ്ദാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ചെലവുചുരുക്കുന്നതിനുള്ള നടപടികളിലേക്ക് കമ്പനി ഗൗരവമായി നീങ്ങുന്നത്.
നഷ്ടം പെരുകുന്നു, സർവീസുകൾ വെട്ടിക്കുറയ്ക്കാൻ എയർ ഇന്ത്യ; ജീവനക്കാരെ അവധിയിൽ വിട്ടേക്കും


