തലശ്ശേരി: ഡ്രൈവർ താൽക്കാലികമായി പുറത്തുപോകുന്ന സമയം നോക്കി റോഡരികിൽ നിർത്തിയിട്ട ഓട്ടോറിക്ഷകളിൽ കയറി ഡാഷ് ബോക്സിൽ നിന്ന് പണം മോഷ്ടിച്ചിരുന്ന യുവാവിനെ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു.
കാസർകോട് ചിറ്റാരിക്കൽ ആയന്നൂരിലെ പൊൻ മലക്കുന്നേൽ ഷൈജു ജോസഫ് (34) ആണ് പിടിയിലായത്. ഇയാൾക്കെതിരെ കണ്ണൂർ കാസർകോട് ജില്ലകളിലായി 17-ഓളം മോഷണക്കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.
മാലൂർ മല്ലന്നൂരിലെ പി. വിജിത്ത് നൽകിയ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ ദിവസം കെ.എൽ. 58 എൻ. 4775 നമ്പർ ഓട്ടോറിക്ഷയുമായി തലശ്ശേരിയിലെത്തിയ വിജിത്ത് ജനറൽ ആശുപത്രിക്ക് സമീപത്ത് വാഹനം നിർത്തി പുറത്തിറങ്ങിയ സമയത്താണ് ഡ്രൈവർ വേഷത്തിലെത്തിയ ഷൈജു ആളില്ലാത്ത ഓട്ടോയിൽ കയറിയത്. തുടർന്ന് ഡാഷ് ബോക്സ് തുറന്ന് അതിലുണ്ടായിരുന്ന 8,00 രൂപ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു.
സംഭവത്തിൽ കേസെടുത്ത തലശ്ശേരി പോലീസ് സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ ശേഖരിച്ച് പ്രതിയുടെ ചിത്രം പ്രചരിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സമാന രീതിയിലുള്ള മോഷണത്തിന് അവസരം നോക്കി നിൽക്കുകയായിരുന്ന ഷൈജുവിനെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പോലീസുകാരൻ തിരിച്ചറിഞ്ഞു. തുടർന്ന് വിവരം സ്റ്റേഷനിൽ അറിയിച്ചതോടെ പോലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
ഡ്രൈവർ പുറത്തുപോകുന്ന സമയം നിരീക്ഷിച്ച് ഓട്ടോറിക്ഷയിൽ കയറി ഡാഷ് ബോക്സിൽ സൂക്ഷിച്ചിരുന്ന പണം മോഷ്ടിക്കുന്നതാണ് ഇയാളുടെ പതിവ് രീതിയെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് പറഞ്ഞു.
ഡ്രൈവറില്ലാത്ത നേരം നോക്കി നിർത്തിയിട്ട ഓട്ടോറിക്ഷകളിൽ കയറി മോഷണം നടത്തുന്ന യുവാവ് തലശ്ശേരിയിൽ പിടിയിൽ


