‘നയരാഹിത്യ പ്രഖ്യാപനം; പറയേണ്ടകാര്യങ്ങളൊന്നും പറഞ്ഞില്ല; കേന്ദ്രത്തിനെതിരെ മൗനം; കാത്തിരുന്ന് കാണാം’

തിരുവനന്തപുരം: നയരാഹിത്യ പ്രഖ്യാപനമാണ് ഗവർണർ രാജേന്ദ്ര ആർലേക്കർ ഇന്ന് നിയമസഭയിൽ നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പറയേണ്ടത് പറഞ്ഞിട്ടില്ല. കുറേ കാര്യങ്ങൾ കേന്ദ്രത്തിൽ നിന്നും ചോദിച്ചു വാങ്ങേണ്ടതുണ്ട്. അവയെക്കുറിച്ചെല്ലാം മൗനം പാലിച്ചു. ഇത് സംസ്ഥാനത്തിന് അർഹതപ്പെട്ടതും അവകാശപ്പെട്ടതുമായ കാര്യങ്ങൾ നഷ്‌ടപ്പെടാൻ ഇടയാക്കും. കേരളത്തിന്റെ സമഗ്രമായ വികസനത്തിൻ്റെ ബ്ലൂപ്രിന്റ് കഴിഞ്ഞ എൽഡിഎഫ് സർക്കാർ ആവിഷ്‌കരിച്ചതാണ്. അത് എങ്ങനെയൊക്കെയാണ് മുന്നോട്ട് കൊണ്ടുപോകുന്നതെന്നതിനെക്കുറിച്ച് സൂചനപോലുമില്ല. പ്രധാനപ്പെട്ട പദ്ധതികളെക്കുറിച്ച് പരാമർശമേ ഇല്ല. സംസ്ഥാനത്തിൻ്റെ ധനകാര്യസ്ഥിതി റിസർവ് ബാങ്ക് തന്നെ അംഗീകരിച്ച കണക്ക് അനുസരിച്ചത് 5429 കോടി രൂപ ഖജനാവിൽ നീക്കിയിരിപ്പ് വെച്ചാണ് എൽഡിഎഫ് സർക്കാർ ഇറങ്ങിയത്. അത് മറച്ചുവെച്ച് ശരിയല്ലാത്ത നെറേറ്റീവ് സൃഷ്ടിക്കാനുള്ള ശ്രമമായി നയപ്രഖ്യാപനത്തെ കാണണം എന്നും പിണറായി വിജയൻ പറഞ്ഞു.സാമ്പത്തിക ഉത്തരവാദിത്തത്തിൽ നിന്നും സർക്കാർ ഒഴിഞ്ഞുമാറുന്നുവെന്നും പ്രതിപക്ഷം വിമർശിച്ചു. കേരളത്തെ പുതുയുഗത്തിലേക്ക് ആനയിക്കുന്നതിനെക്കുറിച്ച് പറയുന്നു. എന്നാൽ അതിനുള്ള സാമൂഹിക-സാമ്പത്തിക റൂട്ട് മാപ്പ് പ്രഖ്യാപനത്തിൽ ഇല്ല. എങ്ങനെ ലക്ഷ്യം സാധ്യമാവും എന്നത് അവ്യക്തമാണ്. പ്രതീക്ഷിച്ച രീതിയിലുള്ള നയപ്രഖ്യാപനം അല്ല നടന്നത്. നാടിന്റെ മുഖച്ഛായ മാറ്റിയ കിഫ്ബിയെക്കുറിച്ചും കുടുംബശ്രീയെക്കുറിച്ചും മൗനം എന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി. പശ്ചിമേഷ്യൻ യുദ്ധസാഹചര്യം മറികടക്കാനുള്ള ഒന്നും നയപ്രഖ്യാപനത്തിൽ ഇല്ല. മോദിയുടെ ബ്ലൂ ഇക്കണോമിയാണോ പിന്തുടരുക എന്നതിലും വ്യക്തതയില്ല. സംസ്ഥാനത്തിന്റെ പൊതുകടം അഞ്ചുവർഷം കൊണ്ട് അഞ്ച് ശതമാനത്തിലധികം കുറഞ്ഞു. തൊഴിലുറപ്പ് അട്ടിമറിക്കപ്പെട്ട നിലയിൽ നിൽക്കുകയാണ്. അക്കാര്യത്തെക്കുറിച്ച് നയപ്രഖ്യാപനത്തിൽ പരാമർശമില്ല. അതിദാരിദ്ര്യമുക്ത പദ്ധതിയുടെ അടുത്തഘട്ടത്തെക്കുറിച്ചും പരാമർശമില്ല. കേന്ദ്രസർക്കാരിൻ്റെ സാമ്പത്തിക നയങ്ങളെക്കുറിച്ച് പേരിന് പോലും പരാമർശമില്ല. കേരളത്തിൻ്റെ സാമ്പത്തിക സ്ഥിതി അപകടാവസ്ഥയിലാണെന്ന് പ്രചരിപ്പിക്കാൻ ശ്രമം നടക്കുന്നു. ധവളപത്രം വരുമ്പോൾ കൂടുതൽ പറയാം എന്നും പ്രതിപക്ഷം മുന്നറിയിപ്പ് നൽകി.സാമ്പത്തിക വെല്ലുവിളികൾ ഏറ്റെടുക്കാൻ കേരളത്തിൻ്റെ ഖജനാവിന് കഴിയും. അത്തരമൊരു ഖജനാവാണ് എൽഡിഎഫ് സർക്കാർ കൈമാറിയത്.
ചരിത്രത്തിലെ ഏറ്റവും ബൃഹത്തായ വികസന പദ്ധതികൾ എൽഡിഎഫ് നടത്തി. അതിന്റെയൊന്നും തുടർച്ച നയപ്രഖ്യാപനത്തിൽ ഇല്ല. കഠിനമായ എതിർപ്പ് ആദ്യം രേഖപ്പെടുത്തുന്നില്ല. കാത്തിരുന്ന് കാണാം. ജനക്ഷേമത്തിന് മൂൻതൂക്കം നൽകുന്ന ഏത് പരിപാടിക്കും പിന്തുണ നൽകും. നാടിൻ്റെ താല്പര്യത്തിന് എതിരായി വരുന്ന കാര്യങ്ങളെ എതിർക്കും. നയപ്രഖ്യാപനം ഉദ്ദേശിച്ച രീതിയിലായില്ല എന്നതുകൊണ്ട് ഇത്രയും പറഞ്ഞു. കേന്ദ്രവുമായി നല്ല ബന്ധം ആഗ്രഹിക്കുന്നതിൽ തെറ്റില്ല.
സാമ്പത്തിക ഫെഡറലിസത്തിൽ കേന്ദ്രം കത്തിവെച്ചതാണ്. ഫെഡറലിസം അംഗീകരിക്കുന്ന നിലപാടല്ല കേന്ദ്രത്തിന്റേത്. അക്കാര്യത്തിലുള്ള നിലപാട് നയപ്രഖ്യാപനത്തിൽ വ്യക്തമാക്കണമായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് നിലപാട് വ്യക്തമാക്കി.നയപ്രഖ്യാപനത്തിൽ ഗവർണർക്കൊപ്പം ഡിജിപി എത്തിയതിലെ ചട്ടലംഘനവും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. അറിയാതെ സംഭവിച്ചതാകാം. നടപടിക്രമങ്ങളിൽ അങ്ങനെ ഒരു കാര്യമില്ല. സ്‌പീക്കർ അദ്ദേഹവുമായി നേരിട്ട് സംസാരിക്കുമെന്ന് കരുതുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു. വന്ദേമാതരം മുഴുവനായി ആലപിക്കേണ്ട കാര്യമില്ല. വന്ദേമാതരം രണ്ട് ഈരടി ചൊല്ലുമ്പോൾ എഴുന്നേറ്റ് നിൽക്കേണ്ട കാര്യമില്ല. രണ്ട് ഈരടി ചൊല്ലാമെന്ന് നേരത്തെ തീരുമാനിച്ച കാര്യമാണ്. വന്ദേമാതരം മുഴുവൻ ചൊല്ലുകയെന്നത് ആർഎസ്എസ് അജണ്ടയാണ്. അത് നടപ്പിലാക്കേണ്ട ബാധ്യത സംസ്ഥാനത്തിനില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top