പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തതിൽ പുനഃപരിശോധനയില്ലെന്ന് എം.വി. ഗോവിന്ദൻ. പി.ബിയുടെ അംഗീകാരം വാങ്ങിയിരുന്നതായും പാർട്ടി യോഗങ്ങളിൽ വിമർശനമെന്നത് മാധ്യമസൃഷ്ടിയെന്നും ഗോവിന്ദൻ പറഞ്ഞു. സെക്രട്ടറിക്ക് നേരെയുള്ള വിമർശനങ്ങൾ സംബന്ധിച്ച ചോദ്യത്തിന് ഞങ്ങളെയല്ലാതെ പിന്നെ ആരെ വിമർശിക്കാനെന്നായിരുന്നു ഗോവിന്ദന്റെ മറുപടി.
അതേസമയം, തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ ഇന്നുമുതൽ താഴെത്തട്ടിലേക്ക് സിപിഎം. ഏരിയ കമ്മിറ്റിയിൽ ഉള്ള വിലയിരുത്തൽ ആണ് ഇന്ന് ആരംഭിക്കുന്നത്. നിയുക്‌ത പ്രതിപക്ഷ നേതാവ് പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും രൂക്ഷമായ വിമർശനമാണ് ഇന്നലെ അവസാനിച്ച വിവിധ ജില്ലാ കമ്മിറ്റി യോഗങ്ങളിൽ ഉണ്ടായത്. നേതൃത്വത്തിന്റെ പരാജയവും ഭരണവിരുദ്ധ വികാരവും ധാർഷ്‌ട്യവും ശരീരഭാഷയും എല്ലാം പരാജയത്തിന് കാരണമായി എന്നാണ് ജില്ലാ കമ്മിറ്റികളിൽ ഉയർന്ന വിമർശനം.
ഏരിയ കമ്മിറ്റികളിലെ ചർച്ചകളിൽ സംസ്‌ഥാന കമ്മിറ്റി അംഗങ്ങൾ നേരിട്ട് പങ്കെടുക്കും. എന്നാൽ താഴെത്തട്ടിൽ പ്രവർത്തനം വേണ്ട രീതിയിൽ നടന്നില്ലെന്ന് സംശയം ഉയർത്തുന്ന ചോദ്യാവലി ഏരിയ കമ്മിറ്റി യോഗങ്ങൾക്കു മുമ്പ് സംസ്ഥാന നേതൃത്വം കൈമാറിയിട്ടുണ്ട്. സർക്കാരിൻറെ ഗുണം ഫലങ്ങൾ അനുഭവിച്ചവരുടെ പ്രത്യേക യോഗങ്ങൾ വിളിച്ചിരുന്നോ ഏരിയ കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ എങ്ങനെയായിരുന്നു തുടങ്ങിയ ചോദ്യങ്ങളാണ് സംസ്‌ഥാന നേതൃത്വം കൈമാറിയിരിക്കുന്നത്. ജില്ലാ കമ്മിറ്റിയെപ്പോലെ ഏരിയ കമ്മിറ്റികളിലും രൂക്ഷമായ വിമർശനങ്ങൾ ഉയരാൻ സാധ്യതയുണ്ട്.


