ആരാകും മുഖ്യമന്ത്രി? രാഹുൽ-ഖർഗെ കൂടിക്കാഴ്‌ച വൈകിട്ട്, തീരുമാനം ഇന്നറിയാം

ന്യൂഡൽഹി: കേരള മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ അന്തിമ തീരുമാനം ഇന്നുണ്ടായേക്കും. വൈകുന്നേരം അഞ്ചുമണിയോടെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കൂടിക്കാഴ്ച നടത്തും. ശേഷമാകും അന്തിമ തീരുമാനം എന്നാണ് വിവരം. അടിയന്തര സാഹചര്യം കണക്കിലെടുത്താണ് ഖർഗെ എത്തുന്നത്. പ്രത്യേക ചാർട്ടേഡ് വിമാനത്തിലാവും എത്തുക.അതേസമയം, രാഹുൽ ഗാന്ധി അൽപസമയത്തിനകം നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. സോണിയാ ഗാന്ധിയുടെ വസതിയിലാണ് കൂടിക്കാഴ്ച. നേതൃത്വത്തെ കാണാൻ പോവുകയാണെന്നും ജനങ്ങളെ സന്തോഷിപ്പിക്കുന്ന തരത്തിൽ മുന്നോട്ട് പോകുമെന്നും കെപിസിസി വർക്കിംഗ് പ്രസിഡന്റ് പി സി വിഷ്ണുനാഥ് പറഞ്ഞു. ജനാധിപത്യപരമായി തീരുമാനം എടുക്കാനാണ് നേതൃത്വം ശ്രമിക്കുന്നതെന്നും ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്നും കെ പി അനിൽ കുമാർ പറഞ്ഞു. മാധ്യമങ്ങൾ ഉണ്ടാക്കുന്ന ബഹളമാണിതെല്ലാമെന്നും അനിൽ കുമാർ കൂട്ടിച്ചേർത്തു.
കേരള മുഖ്യമന്ത്രി ആരെന്നതിൽ ഒമ്പതാം ദിവസവും അനിശ്ചിതത്വം തുടരുകയാണ്. തെരഞ്ഞെടുപ്പ് ഫലം വന്ന് ഒരാഴ്ച‌ പിന്നിട്ടിട്ടും മുഖ്യമന്ത്രിയെ നിശ്ചയിക്കാത്തതിൽ ഘടകകക്ഷികൾക്കിടയിൽ ശക്തമായ അതൃപ്‌തിയുണ്ട്. പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയെന്ന കടുത്ത പ്രതികരണമാണ് ഇന്നലെ മുസ്ലിം ലീഗ് നേതാക്കൾ നടത്തിയത്. തെരഞ്ഞെടുപ്പ് വിജയത്തിന്റെ മാറ്റ് കുറയ്ക്കുന്ന നടപടിയാണ് ഇപ്പോഴത്തേതെന്ന വിമർശനവും ലീഗ് ഉയർത്തുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top