ചോദ്യ പേപ്പർ ചോർച്ച ആരോപണം; മെയ് 3 ന് നടത്തിയ നീറ്റ് യുജി പരീക്ഷ റദ്ദാക്കി

ന്യൂഡൽഹി: ചോദ്യ പേപ്പർ ചോർച്ച ആരോപണത്തിന് പിന്നാലെ മെയ് മൂന്നിന് നടത്തിയ നീറ്റ് യുജി പരീക്ഷ നാഷണൽ ടെസ്റ്റിംഗ് ഏജൻസി റദ്ദാക്കി. മേയ് മൂന്നിന് നടന്ന പരീക്ഷയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തിൽ പരീക്ഷാ ഫലം റദ്ദാക്കാനും വീണ്ടും പരീക്ഷ നടത്താനും കേന്ദ്ര സർക്കാർ തീരുമാനിച്ചു.
24 ലക്ഷം വിദ്യാർത്ഥികൾ ആണ് പരീക്ഷ എഴുതിയത്. ചോദ്യ പേപ്പർ ചോർച്ചയെ തുടർന്ന് രാജസ്ഥാൻ പൊലീസ് ആണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
പരീക്ഷാ നടത്തിപ്പിലെ സുതാര്യത ഉറപ്പുവരുത്തുന്നതിനും വിദ്യാർത്ഥികളുടെ ആശങ്ക പരിഹരിക്കുന്നതിനുമാണ് പരീക്ഷ റദ്ദാക്കിയതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പരീക്ഷാ കേന്ദ്രങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത സിസിടിവികളും ജാമറുകളും ഉൾപ്പെടെയുള്ള കർശന സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിരുന്നെങ്കിലും ചോദ്യപേപ്പർ ചോർന്നത് വലിയ സുരക്ഷാവീഴ്‌ചയായാണ് വിലയിരുത്തപ്പെടുന്നത്.
രാജസ്ഥാനിലെ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് നടത്തിയ പ്രാഥമികാന്വേഷണത്തിൽ, പരീക്ഷയ്ക്ക് മുൻപ് തന്നെ ചോദ്യങ്ങൾ വാട്‌സാപ്പ് വഴിയും മറ്റും പ്രചരിച്ചതായി കണ്ടെത്തിയിരുന്നു. കൈപ്പടയിൽ തയ്യാറാക്കിയ ഒരു ഗസ് പേപ്പറിൽ നിന്നുള്ള 120 ഓളം ചോദ്യങ്ങൾ യഥാർത്ഥ പരീക്ഷാ പേപ്പറുമായി സാമ്യമുള്ളതാണെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തി.
അന്വേഷണത്തിൽ ക്രമക്കേടുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷ റദ്ദാക്കാനുള്ള എൻ.ടി.എയുടെ തീരുമാനം. ക്രമക്കേടുകളെ കുറിച്ച് സിബിഐ അന്വേഷിക്കുമെന്ന് അധികൃതർ അറിയിച്ചു. രാജസ്ഥാനിലാണ് ആദ്യമായി ചോദ്യ പേപ്പർ ചോർച്ച ആരോപണം ഉയർന്നത്. കേരളത്തിലടക്കം കണ്ണികളുണ്ടെന്ന് കണ്ടെത്തി. നിലവിൽ കേരളം, രാജസ്ഥാൻ, മഹാരാഷ്ട്ര, ജാർഗണ്ഡ് തുടങ്ങി നാല് സംസ്ഥാനങ്ങളിലായി അന്വേഷണം നടക്കുകയാണ്.പുതിയ പരീക്ഷാ തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് എൻടിഎ അറിയിച്ചു. വിദ്യാർത്ഥികൾക്ക് വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ലെന്നും നേരത്തെ നൽകിയ അപേക്ഷാ വിവരങ്ങൾ തന്നെ മതിയാകുമെന്നും അധികൃതർ വ്യക്തമാക്കി. പുനഃപരീക്ഷയ്ക്ക് പ്രത്യേക ഫീസ് ഈടാക്കില്ല. നിലവിൽ വിദ്യാർത്ഥികൾ അടച്ച ഫീസ് തിരികെ നൽകുന്ന കാര്യവും എൻടിഎ പരിഗണിക്കുന്നുണ്ട്. പുതിയ അഡ്‌മിറ്റ് കാർഡുകൾ എൻടിഎയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ലഭ്യമാക്കും. വിദ്യാർത്ഥികൾ കൂടുതൽ വിവരങ്ങൾക്കായി ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
അതേസമയം പരീക്ഷ മാറ്റിവച്ചതിന് പിന്നാലെ ഡൽഹിയിൽ വിദ്യാർത്ഥികൾ പ്രതിഷേധം ആരംഭിച്ചു. വിദ്യാഭ്യാസ മന്ത്രാലയത്തിലേക്ക് എൻ.എസ്.യു ആണ് പ്രതിഷേധവുമായെത്തിയത്. വിദ്യാർത്ഥികളുടെ മാനസിക നില തകർക്കുന്നതാണ് സംഭവമെന്നാണ് ആരോപണം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top