കണ്ണൂർ: വിഷു ആഘോഷത്തിനിടെ പടക്കം പൊട്ടി സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം രണ്ടായി. ശ്രീകൃഷ്ണപുരം വെള്ളപ്പാംതൊടിയിൽ വിഷു ആഘോഷിക്കുന്നതിനിടെ പടക്കം പൊട്ടി ദിലീപ് (34) എന്നയാളും മരിച്ചു. ക്ലബിന്റെ ആഘോഷത്തിനിടയിൽ ദിലീപിൻ്റെ കയ്യിലിരുന്ന ഗുണ്ട് പൊട്ടിയാണ് അപകടമെന്ന് പറയുന്നു. കാറ്ററിങ് സ്ഥാപന ഉടമയാണ് ദിലീപ്.
ബുധനാഴ്ച രാത്രി ഏട്ടരയോടെയായിരുന്നു അപകടം. പടക്കം പൊട്ടിക്കുന്നതിനിടെ കയ്യിലുണ്ടായിരുന്ന ഗുണ്ടുപൊട്ടി ഗുരുതരമായി പൊള്ളലേറ്റ ദിലീപിനെ ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണ കാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഭാര്യ: പ്രദിഷ. മക്കൾ: അനാവിയ, അമാലിയ.
കഴിഞ്ഞദിവസം കോഴിക്കോട് കൊയിലാണ്ടിക്കടുത്ത് ഇത്തരത്തിൽ അപകടമരണം ഉണ്ടായിരുന്നു. കൂട്ടുകാർക്കൊപ്പം പടക്കം പൊട്ടിക്കുന്നതിനിടെ അദ്വൈത് (16) എന്നയാളാണ് കയ്യിലുണ്ടായിരുന്ന പടക്കം പൊട്ടി മരിച്ചത്. പടക്കങ്ങളിൽ സ്ഫോടക രാസവസ്തുക്കളുടെ അളവു കൂടിയതാണോ അപകടങ്ങൾക്ക് കാരണമെന്ന് സംശയിക്കുന്നുണ്ട്.
വിഷു ആഘോഷം: പടക്കം പൊട്ടി സംസ്ഥാനത്ത് രണ്ട് മരണം


