തിരുവനന്തപുരം: വിഴിഞ്ഞത്ത് യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പൊലീസ് പിടികൂടിയത് അതിസാഹസികമായി. ബൈക്ക് പൊലീസ് വാഹനം കൊണ്ട് ഇടിച്ചിട്ടാണ് പ്രതികളെ പിടികൂടിയത്. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് സഹോദരങ്ങളായ അച്ചുവിനെയും അനന്തുവിനെയും പൊലീസ് പിടികൂടിയത്.
കൊല്ലപ്പെട്ട സുമൻ്റെ സുഹൃത്താണ് മർദനത്തിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ചത്. കൊലയ്ക്ക് ശേഷം ഈ സുഹൃത്ത് വാഹനമെടുത്ത് പോയി. പ്രതികൾ സുമനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് ആക്രമിച്ചതെന്നാണ് എഫ്ഐആർ റിപ്പോർട്ട്. ക്രൂരമായ മർദ്ദനത്തിന് ഇരയായെന്നും എഫ്‌ഐആറിൽ സൂചിപ്പിക്കുന്നു.സുമനെ അടിച്ച് റോഡിൽ തള്ളിയിട്ട് നെഞ്ചിലും മുഖത്തും ഇടിച്ചും കഴുത്തിലും നെഞ്ചിലും പല പ്രാവശ്യം ചവിട്ടിയും കൊലപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം രാത്രി വിഴിഞ്ഞത്തെ ബാറിൽ വെച്ചുണ്ടായ തർക്കത്തിന് പിന്നാലെയാണ് സഹോദരങ്ങൾ സുമനെ കൊലപ്പെടുത്തിയത്. ബാറിൽ വെച്ച് അച്ചുവും അനന്തുവും തമ്മിൽ വാക്കുതർക്കവുമുണ്ടായിരുന്നു.
ഇത് കണ്ട ഇവരുടെ സുഹൃത്ത് കൂടിയായ സുമൻ വാക്കുതർക്കത്തിൽ ഇടപെടുകയായിരുന്നു. ഒടുവിൽ സഹോദരങ്ങൾ ചേർന്ന് സുമനെ മർദിക്കുകയായിരുന്നു. ആദ്യം ബാറിൽ വെച്ചും പിന്നീട് റോഡിൽ വെച്ചും ഇവർ സുമനെ മർദിച്ചു. അവശ നിലയിലായ സുമനെ റോഡിൽ ഉപേക്ഷിച്ച് ഇവർ കടന്നുകളഞ്ഞു. ഇതിനിടെ അതുവഴി വന്ന കാർ യാത്രികൻ സുമനെ വിഴിഞ്ഞം ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബാറിൽ ഉള്ളവർ നോക്കിനിൽക്കെയായിരുന്നു അക്രമം.
വിഴിഞ്ഞം കൊല: ആക്രമിച്ചത് കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയെന്ന് FIR; മർദന ദൃശ്യം പകർത്തിയത് സുമന്റെ സുഹൃത്ത്


