പയ്യന്നൂർ: കോറോത്തുള്ള പോലീസ് ഡമ്പിങ് യാർഡിൽ ഇന്ന് ഉച്ചയോടെയാണ് അതിഭീകരമായ തീപിടുത്തം ഉണ്ടായത്. വിവിധ കേസുകളിലായി പോലീസ് പിടിച്ചെടുത്ത് ഇവിടെ സൂക്ഷിച്ചിരുന്ന നൂറുകണക്കിന് വാഹനങ്ങൾ തീപിടുത്തത്തിൽ പൂർണ്ണമായും കത്തി നശിച്ചു.അഗ്നിശമന സേനയുടെ ഒന്നിലധികം യൂണിറ്റുകൾ സ്ഥലത്തെത്തി മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. സമീപത്തെ കരിയിലകളിൽ നിന്നോ മറ്റോ പടർന്ന തീ ആളിപ്പടരുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പൊട്ടിത്തെറിയോടെ തീ പടർന്നത് നാട്ടുകാരിലും വലിയ പരിഭ്രാന്തിയുണ്ടാക്കി. കത്തിയ വാഹനങ്ങളിൽ ഭൂരിഭാഗവും ഇരുചക്ര വാഹനങ്ങളും കാറുകളുമാണ്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
പയ്യന്നൂർ കോറോത്ത് പോലീസ് ഡമ്പിങ് യാർഡിൽ വൻ തീപിടുത്തം; നിരവധി വാഹനങ്ങൾ കത്തിയമർന്നു


