കൊച്ചി: ലൈംഗികാതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിന് ഇടക്കാല ജാമ്യമില്ല. രഞ്ജിത്ത് ജയിലിൽ തുടരും. തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി ഇടക്കാല ജാമ്യം വേണമെന്ന് രഞ്ജിത്ത് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ
രഞ്ജിത്തിന്റെ ഇടക്കാല ജാമ്യാപേക്ഷയെ എതിർത്ത പ്രോസിക്യൂഷൻ വോട്ട് ചെയ്യാൻ അവകാശമുണ്ടെന്ന് പറയുന്നത് 1951ലെ ആക്ട് പ്രകാരം ശരിയല്ലെന്ന് വാദിച്ചു.
ജയിലിൽ ഉള്ളയാൾക്ക് വോട്ട് ചെയ്യാൻ അവകാശമില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു. രഞ്ജിത്തിൻ്റെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മറ്റന്നാളേക്ക് മാറ്റി.സിനിമാ ലൊക്കേഷനിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന നടിയുടെ പരാതിയിലാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്‌തത്. രഞ്ജിത്തിൻ്റെ പുതിയ സിനിമയിൽ അഭിനയിക്കുന്ന നടിയാണ് പരാതിക്കാരി. കൂടുതൽ പ്രാധാന്യമുള്ള റോൾ നൽകാമെന്ന് പറഞ്ഞ് കാരവാനിലേക്ക് വിളിച്ചുവരുത്തി രഞ്ജിത്ത് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് നടിയുടെ പരാതി.
എറണാകുളത്ത് നിന്നും തൊടുപുഴയിലേക്ക് പോകുന്ന വഴി മുട്ടത്തുവെച്ചാണ് എറണാകുളം സിറ്റി പൊലീസ് കമ്മീഷണറുടെ നിർദേശത്തെ തുടർന്ന് തൊടുപുഴ പൊലീസ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് കൊച്ചി പൊലീസിന് കൈമാറുകയായിരുന്നു. എറണാകുളം സബ്‌ജയിലിലാണ് രഞ്ജിത്ത് ഉള്ളത്.
ലൈംഗികാതിക്രമ കേസ്: രഞ്ജിത്ത് ജയിലിൽ തുടരും; ഇടക്കാല ജാമ്യമില്ല


