കണ്ണൂർ: വനിതാ സിവിൽ പൊലീസ് ഓഫീസർ കരിവെള്ളൂരിലെ പി ദിവ്യശ്രീ (38)യെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തി. കൊഴുമ്മൽ, കോട്ടൂർ, പെരളത്തെ കെ രാജേഷിനെയാണ് തലശ്ശേരി ജില്ലാ സെഷൻസ് ജഡ്‌ജ് കെ ടി നിസാർ അഹമ്മദ് കുറ്റക്കാരനാണെന്നു കണ്ടെത്തിയത്. ശിക്ഷ വെള്ളിയാഴ്‌ച വിധിക്കും. 2024 നവംബർ 21ന് വൈകിട്ട് 5.30ന് ആണ് ദിവ്യശ്രീ കൊല്ലപ്പെട്ടത്. മാങ്ങാട്ട് പറമ്പ് കെ എ പി ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസറായ ദിവ്യശ്രീ ചന്തേര പൊലീസ് സ്റ്റേഷനിൽ താൽക്കാലിക ചുമതല വഹിച്ചു വരികയായിരുന്നു. സംഭവ ദിവസം വൈകിട്ട് ബൈക്കിൽ വീട്ടിൽ എത്തിയ പ്രതി ബഹളം ഉണ്ടാക്കുകയും വടിവാൾ കൊണ്ട് ദിവ്യശ്രീയുടെ ദേഹമാസകലം വെട്ടുകയായിരുന്നു. വീട്ടിൽ നിന്നു ഇറങ്ങിയോടിയ ദിവ്യശ്രീ ഗേറ്റിനു മുന്നിൽ കുഴഞ്ഞു വീണു. അക്രമം ചെറുക്കാൻ ശ്രമിക്കുന്നതിനിടയിൽ പിതാവ് കെ വാസുവിനും വെട്ടേറ്റിരുന്നു. ഇരുവരെയും നാട്ടുകാർ പയ്യന്നൂരിലെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ദിവ്യശ്രീയെ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവ ദിവസം രാത്രി ശബരിമലയിലേയ്ക്ക് സ്പെഷ്യൽ ഡ്യൂട്ടിക്ക് പോകാനുള്ള തയ്യാറെടുപ്പിനിടയിലാണ് ദിവ്യശ്രീ കൊല്ലപ്പെട്ടത്. അക്രമത്തിനു ശേഷം സ്ഥലത്തു നിന്നു മുങ്ങിയ രാജേഷിനെ ബാറിൽ വച്ചാണ് പൊലീസ് അറസ്റ്റു ചെയ്തത്.
കുടുംബ പ്രശ്‌നത്തെ തുടർന്ന് ഭർത്താവിൽ നിന്നു അകന്നു കഴിയുകയായിരുന്നു ദിവ്യശ്രീ. ഇരുവരും തമ്മിലുള്ള വിവാഹ മോചനക്കേസ് കൊലപാതകം നടന്നതിൻ്റെ തലേനാൾ കണ്ണൂർ കോടതി പരിഗണിച്ചിരുന്നു. രാജേഷുമായുള്ള ബന്ധം തുടരാൻ താൽപ്പര്യമില്ലെന്ന് ദിവ്യശ്രീ അന്നു കോടതിയിൽ അറിയിച്ചിരുന്നു. ഇതാണ് കൊലപാതകത്തിനു ഇടയാക്കിയതെന്നാണ് പ്രോസിക്യൂഷൻ കേസ്.
ചന്തേര പൊലീസ് സ്റ്റേഷനിലെ വനിതാ സിവിൽ പൊലീസ് ഓഫീസർ പി ദിവ്യശ്രീ കൊലക്കേസ്: ഭർത്താവ് കുറ്റക്കാരൻ; ശിക്ഷാ വിധി വെള്ളിയാഴ്‌ച


