വിമാന യാത്ര ഇനി ചിലവേറും; ഇന്ധന സര്‍ചാര്‍ജ് 10,000 രൂപ വരെ കൂട്ടി ഇന്‍ഡിഗോ

വിമാന ഇന്ധനത്തിന് വില കൂട്ടിയതോടെ രാജ്യത്തെ ഏറ്റവും വലിയ എയര്‍ലൈന്‍സായ ഇന്‍ഡിഗോയും ടിക്കറ്റ് നിരക്കുകള്‍ വര്‍ധിപ്പിച്ചു. ടിക്കറ്റിന്റെ അടിസ്ഥാനനിരക്കിനൊപ്പം ഈടാക്കുന്ന ഇന്ധനസര്‍ച്ചാര്‍ജാണ് വര്‍ധിപ്പിച്ചത്. ഇതോടെ വിമാനയാത്ര ഇനി ചെലവേറും. ഇന്‍ഡിഗോയുടെ ആഭ്യന്തര സര്‍വീസുകളില്‍ 275 രൂപ മുതല്‍ 950 രൂപ വരെയാണ് വര്‍ധനവ്. അന്താരാഷ്ട്ര സര്‍വീസുകളില്‍ 900 രൂപ മുതല്‍ പതിനായിരം രൂപവരെയും വര്‍ധിപ്പിച്ചിട്ടുണ്ട്.
ആഭ്യന്തരസര്‍വീസുകളില്‍ 500 കിലോമീറ്റര്‍ ദൂരത്തിന് താഴെയുള്ള യാത്രകള്‍ക്ക് 275 രൂപയാണ് ഉയര്‍ത്തിയത്. 2,000 കിലോമീറ്റര്‍ ദൂരത്തിന് മുകളിലുള്ള ടിക്കറ്റിന് 950 രൂപയും ഉയര്‍ത്തി. അന്താരാഷ്ട്ര സര്‍വീസുകളില്‍ യുകെയിലേക്കും ഗ്രീസ്, തുര്‍ക്കി എന്നിവ ഒഴികെയുള്ള യൂറോപ്യന്‍ രാജ്യങ്ങളിലേക്കുമുള്ള സര്‍വീസുകള്‍ക്കാണ് ഇന്ധനസര്‍ച്ചാര്‍ജ് ഏറ്റവും കൂടുതല്‍ വര്‍ധിപ്പിച്ചിട്ടുള്ളത്. പുതുക്കിയ നിരക്കുകള്‍ വ്യാഴാഴ്ച പുലര്‍ച്ചെ ഒരുമണി മുതല്‍ പ്രാബല്യത്തില്‍വരുമെന്നും ഇന്‍ഡിഗോ അറിയിച്ചു. വിമാനക്കമ്പനിയുടെ പ്രവര്‍ത്തനചെലവിന്റെ 40 ശതമാനവും ഇന്ധനത്തിനായാണ് ചെലവഴിക്കുന്നത്. വിമാനഇന്ധനമായ എടിഎഫിന് ബുധനാഴ്ച രാജ്യത്ത് 25 ശതമാനത്തോളം വില വര്‍ധിപ്പിച്ചിരുന്നു. ഇതാണ് വിമാനക്കമ്പനികളെ നിരക്ക് കൂട്ടാന്‍ പ്രേരിപ്പിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top