ട്രെയിൻ ടിക്കറ്റ് കൺഫേമാകാൻ സാധ്യത കൂടും, ബുക്കിംഗ് ഇനി സൂപ്പർ ഫാസ്റ്റ്! പുത്തൻ സിസ്റ്റവുമായി റെയിൽവേ

ദില്ലി: ദിവസവും ലക്ഷക്കണക്കിന് ആളുകളാണ് ട്രെയിനിൽ യാത്ര ചെയ്യുന്നത്. എന്നാൽ മാസങ്ങൾക്ക് മുൻപ് ബുക്ക് ചെയ്‌താൽ പോലും പല റൂട്ടുകളിലും സീറ്റ് കിട്ടാത്ത അവസ്ഥയാണ്. ഇതിനെല്ലാം പുറമെയാണ് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴുള്ള സാങ്കേതിക പ്രശ്‌നങ്ങൾ. പ്രത്യേകിച്ച് തത്കാൽ ടിക്കറ്റ് എടുക്കാൻ ശ്രമിക്കുമ്പോൾ പലപ്പോഴും പരാജയപ്പെടാറാണ് പതിവ്. എന്നാൽ ഈ പ്രശ്‌നങ്ങൾക്കെല്ലാം പരിഹാരമായി ‘സൂപ്പർഫാസ്റ്റ് ടിക്കറ്റിംഗ് സിസ്റ്റം’ അവതരിപ്പിക്കുകയാണ് ഇന്ത്യൻ റെയിൽവേ.തത്കാൽ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യുമ്പോഴും തിരക്കേറിയ സമയങ്ങളിൽ സാധാരണ ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോഴും യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് ഇതോടെ അവസാനമാകും. വേഗത കുറഞ്ഞ ബുക്കിംഗ് സിസ്റ്റം കാരണം പലർക്കും കൺഫേം ടിക്കറ്റുകൾ കിട്ടാറില്ല. അടുത്ത രണ്ടോ മൂന്നോ മാസത്തിനുള്ളിൽ ഈ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നാണ് റെയിൽവേ അറിയിക്കുന്നത്.
യാത്രക്കാരുടെ ബുക്കിംഗ് സംവിധാനം നവീകരിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. ഇത് ജൂൺ മാസത്തോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. അതോടെ, ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) വെബ്സൈറ്റ്, മൊബൈൽ ആപ്പ് എന്നിവ വഴി നിലവിൽ മിനിറ്റിൽ 32,000 ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ കഴിയുന്ന സ്ഥാനത്ത് ഒന്നര ലക്ഷം ടിക്കറ്റുകൾ വരെ ബുക്ക് ചെയ്യാനാകും.ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് സുഗമമാക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യൻ റെയിൽവേ പാസഞ്ചർ റിസർവേഷൻ സിസ്റ്റം നവീകരിക്കുന്നത്. ഇത് ടിക്കറ്റ് ബുക്കിംഗ് ശേഷി അഞ്ചിരട്ടിയായി വർദ്ധിപ്പിക്കും. ടിക്കറ്റ്, ട്രെയിൻ സംബന്ധമായ അന്വേഷണങ്ങൾക്കുള്ള ശേഷിയും ഇതോടെ കൂടും. നിലവിൽ മിനിറ്റിൽ നാല് ലക്ഷം അന്വേഷണങ്ങൾ കൈകാര്യം ചെയ്യാൻ സിസ്റ്റത്തിന് കഴിയും. പുതിയ സംവിധാനം വരുന്നതോടെ ഇത് ഇനിയും വർധിക്കും. കഴിഞ്ഞ വർഷത്തെ ബജറ്റിലാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്. റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് സെൻ്റർ ആണ് നവീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ജോലികൾ അവസാന ഘട്ടത്തിലാണെന്ന് റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു. പുതിയ പിആർഎസ് സംവിധാനത്തിന് ശേഷി കൂടുന്നതോടെ തിരക്കേറിയ സമയങ്ങളിലെ ടിക്കറ്റ് ബുക്കിംഗ് പ്രശ്‌നങ്ങൾക്ക് പരിഹാരമാകും. വേഗത കുറയുക, സെർവർ ഡൗൺ ആകുക, പെയ്മെൻ്റ് പരാജയപ്പെടുക തുടങ്ങിയ പ്രശ്‌നങ്ങൾ ഉണ്ടാകില്ല. ഇത് കൺഫേം ടിക്കറ്റ് ലഭിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കും. ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, പുതിയ സംവിധാനം ബഹുഭാഷാ സൗകര്യത്തോടെയാകും വരുന്നത്. കൂടാതെ, നിരക്ക് കലണ്ടർ, സീറ്റ് തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ തുടങ്ങിയ പുതിയ ഫീച്ചറുകളും ഇതിൽ ഉൾപ്പെടുത്തും. സുരക്ഷയും കൂടുതൽ ശക്തമാക്കും. ലഭ്യമായ കണക്കുകൾ പ്രകാരം, ആകെ റിസർവ് ചെയ്യുന്ന ടിക്കറ്റുകളിൽ ഏകദേശം 89 ശതമാനവും ഓൺലൈനായാണ് ബുക്ക് ചെയ്യുന്നത്. വെറും 11 ശതമാനം ടിക്കറ്റുകൾ മാത്രമാണ് റിസർവേഷൻ കൗണ്ടറുകളിൽ നിന്ന് ആളുകൾ വാങ്ങുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top