കൊച്ചി: വിവാദമായ ‘ദ കേരള സ്റ്റോറി 2’ സിനിമയുടെ റിലീസ് തടഞ്ഞ് ഹൈക്കോടതി. വിധി നിർമ്മാതാക്കൾക്ക് വൻ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. 15 ദിവസത്തേക്ക് താൽക്കാലിക സ്‌റ്റേയാണ് ഹൈക്കോടതി നൽകിയത്. ജസ്റ്റിസ് ബച്ചു കുര്യൻ തോമസിൻ്റേതാണ് ഉത്തരവ്. റിലീസ് കോടതി സ്റ്റേ ചെയ്‌തതോടെ നാളെ ചിത്രം റിലീസ് ചെയ്യാനാകില്ല.
അതേസമയം ഉത്തരവ് കിട്ടിയശേഷം പ്രതികരിക്കാമെന്ന് സംവിധായകൻ കാമാഖ്യ നാരായൺ സിങ്ങ് പറഞ്ഞു. ‘കേരള സ്റ്റോറി’ എന്ന ടൈറ്റിലിൽ വാസ്‌തവവിരുദ്ധത ഉണ്ടെന്ന് കോടതി നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. സിനിമ യഥാർഥ സംഭവങ്ങളെ ആസ്‌പദമാക്കിയുള്ളതാണെന്നു പറയുന്നത് ശരിയല്ലെന്നും കേരളത്തിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നും ഹൈക്കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
സിനിമ ഒരു കലയാണ്, ഇത്തരം വിഷയത്തിൽ ഇടപെടരുത് എന്ന അഭിപ്രായമാണ് കോടതിക്കുള്ളത്. എന്നാൽ ഈ സിനിമ യഥാർഥ സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടു എന്നതിൽ പ്രശ്‌നമുണ്ടെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ചിത്രത്തിൻ്റെ ടീസറിൻ്റെ ഉൾപ്പെടെ ഉള്ളടക്കം പ്രകോപനപരമാണെന്നു ഹർജിക്കാരനു വേണ്ടി ഹാജരായ അഡ്വ. മൈത്രേയ് സച്ചിദാനന്ദ ഹെഗ്ഡെ കോടതിയിൽ വാദിച്ചിരുന്നു. എന്നാൽ ടീസറിലുള്ള കാര്യങ്ങൾ സിനിമയിലില്ലെന്നായിരുന്നു നിർമാതാക്കളുടെ മറുപടി.
നിർമാതാക്കൾക്ക് തിരിച്ചടി: കേരള സ്റ്റോറി 2 റിലീസ് തടഞ്ഞ് ഹൈക്കോടതി


