തൃക്കരിപ്പൂരിന്റെ മണ്ണിൽ നിന്ന് ഉയർന്നൊരു കലാമനസ്സ് — അതാണ് അനിൽകുമാർ തൃക്കരിപ്പൂർ. കുട്ടിക്കാലം മുതൽ വരയെ ജീവശ്വാസം പോലെ നെഞ്ചിലേറ്റിയ അദ്ദേഹം, ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും ചിത്രകലയെ കൂട്ടായി എടുത്തു നടന്നു. ഒരു അധ്യാപകനെന്ന നിലയിൽ വിദ്യാർത്ഥികളുടെ ഹൃദയങ്ങളിൽ അക്ഷരങ്ങൾ കുറിച്ചവൻ, ഒരു കലാകാരനെന്ന നിലയിൽ സമൂഹത്തിന്റെ മുഖങ്ങൾ രേഖപ്പെടുത്തി.
2024-ൽ ഇടയിലക്കാട് എ.എൽ.പി. സ്കൂളിൽ നിന്ന് പ്രഥമാധ്യാപകനായി വിരമിക്കുമ്പോൾ, സ്കൂളിലെ മുഴുവൻ കുട്ടികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ വരച്ച് അവർക്ക് സ്മരണാസ്മിതയായി സമ്മാനിച്ച അനിൽ മാഷ്, ഒരുപക്ഷേ വിരമിച്ചില്ല — മറിച്ച് വരയുടെ ലോകത്തിലേക്ക് പൂർണമായി പ്രവേശിച്ചു.
പ്രശസ്ത ചിത്രകാരന്മാരായ അനിലൻ തൃക്കരിപ്പൂർ ‘സെൻ്റ് പോൾസ് സ്കൂൾ പ്രധാന അധ്യാപകരായ എ.കെ. ശ്രീധരൻ മാഷും ദിവാകരൻ മാഷും നൽകിയ മാർഗ്ഗനിർദ്ദേശവും പ്രോത്സാഹനവും അനിൽ മാഷിന്റെ കലാജീവിതത്തിന് ശക്തമായ അടിത്തറയായി. പിന്നീട്, അദ്ദേഹം വരച്ച രേഖാചിത്രങ്ങൾ കേരളത്തിന്റെ സാമൂഹ്യ-സാംസ്കാരിക ഭൂപടമായി മാറി.
കേരള രാഷ്ട്രീയ ചരിത്രത്തിലെ മഹാന്മാരായ ഇ.എം. സ് നമ്പൂതിരിപ്പാട്. സി. അച്ഛുതമേനോൻ, എ.കെ ജി, തുടങ്ങിയവരുടെ മുഖങ്ങൾക്കും, മലയാള സിനിമയിലെ നിത്യവസന്തമായ പ്രേം നസീറിൻ്റെ വീട്ടിൽ പോയി അദ്ദേഹത്തിൻ്റെ ചിത്രം ബന്ധുകൾക്ക് നൽകിയത് വാർത്തയായിരുന്നു. മഹാനടന്മാരായ മോഹൻലാൽ മമ്മൂട്ടി എന്നിവരുടെ പ്രതിച്ഛായകൾക്കും അദ്ദേഹത്തിന്റെ പെൻസിൽ ജീവൻ നൽകി. സാഹിത്യകാരന്മാർ, കവികൾ, വിവിധ മേഖലകളിലെ പ്രതിഭകൾ തുടങ്ങി 1500-ലധികം രേഖാചിത്രങ്ങൾ അദ്ദേഹത്തിന്റെ കരവിരുതിന്റെ സാക്ഷ്യങ്ങളാണ്.
അതിലുപരി, തൃക്കരിപ്പൂർ പഞ്ചായത്തിലും പരിസര പ്രദേശങ്ങളിലുമായി 500-ലധികം സാധാരണക്കാരുടെ മുഖങ്ങൾ അനിൽ മാഷ് വരച്ചുകഴിഞ്ഞു. ഇന്നത്തെ കാലത്ത് ലക്ഷങ്ങൾ വിലമതിക്കുന്ന ചിത്രങ്ങൾ പോലും, സേവനകാലം മുഴുവൻ അദ്ദേഹം പൂർണ്ണമായും സൗജന്യമായി ഫ്രെയിം ചെയ്ത് നൽകി. ചിത്രകലയെ ഒരിക്കലും കച്ചവടമാക്കാൻ തയാറാകാത്ത ഒരു കലാഹൃദയം — അതാണ് അനിൽ മാഷ്.
ഒരു കാലത്ത് സ്കൂൾ കലോത്സവങ്ങളിലെ സർട്ടിഫിക്കറ്റുകളിൽ നിറഞ്ഞുനിന്ന കാലിഗ്രാഫി അദ്ദേഹത്തിന്റേതായിരുന്നു. കാരിക്കേച്ചറുകളിലും അദ്ദേഹത്തിന്റെ കൈവിരുത് വ്യക്തമായിരുന്നു. കുട്ടികളുടെ കൈയ്യക്ഷരം മെച്ചപ്പെടുത്താൻ ചെറുവത്തൂർ ഉപജില്ലയിലെ പല സ്കൂളുകളിലും അക്ഷരചിത്ര ക്യാമ്പുകൾ സൗജന്യമായി സംഘടിപ്പിച്ചു.
കുടുംബജീവിതത്തിലും പിന്തുണയോടെ കൂടെയുണ്ടായിരുന്നത് ഭാര്യ കെ.പി. രേഖ — ജി.യു.പി.എസ് ഉദിനൂർ കടപ്പുറം അധ്യാപിക. മക്കളായ അനുര (ജി.എൽ.പി.എസ് മഞ്ഞംപാറ അധ്യാപിക)യും അരുണ (നെഹ്രു കോളേജ് ഡിഗ്രി വിദ്യാർത്ഥിനി)യും അദ്ദേഹത്തിന്റെ അഭിമാനങ്ങൾ.
പ്രഥമ അധ്യാപക ജീവിതത്തിൽ നിന്നുള്ള വിരമിക്കൽ അദ്ദേഹത്തിന് ഒരു അവസാനമല്ലായിരുന്നു; മറിച്ച് വരയുടെ പുതിയ അധ്യായത്തിന്റെ തുടക്കമായിരുന്നു. വരയെ നെഞ്ചിലേറ്റിയ ഒരു അധ്യാപകൻ ഇന്ന് ഒരു നാടിന്റെ സാംസ്കാരിക മുഖമായി മാറിയിരിക്കുന്നു.
വരയുടെ വഴിയിൽ വിരിഞ്ഞ ജീവിതം, അനിൽ മാഷ്, ഒരു നാടിന്റെ ഹൃദയരേഖ




