ആലപ്പുഴ ചേർത്തല താലൂക്ക് ആശുപത്രിയിൽ ചില്ലു നീക്കാതെ മുറിവ് വച്ചുകെട്ടിയതായി പരാതി. ഓട്ടോ ഡ്രൈവറായ തുറവൂർ വളമംഗലം സ്വദേശി രാധാകൃഷ്ണ പിള്ളയ്ക്കാണ് ദുരനുഭവമുണ്ടായത്. 63 ദിവസത്തിന് ശേഷം സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെ ആണ് അഞ്ചു ചില്ലുകഷണങ്ങൾ പുറത്തെടുത്തത്.ആലപ്പുഴ തുറവൂർ സ്വദേശിയാണ് രാധാകൃഷ്ണപിള്ള. ഓട്ടോ ഡ്രൈവറാണ്. കഴിഞ്ഞ ഡിസംബർ 16നാണ്. രാത്രി വീട്ടിലേക്ക് മടങ്ങവേ ഓട്ടോറിക്ഷ മറിഞ്ഞ് അപകടമുണ്ടായത്. അപകടത്തിൽ ഇദ്ദേഹത്തിന്റെ കൈയിലേക്ക് വാഹനത്തിന്റെ ചില്ല് തുളഞ്ഞു കയറി. മുറിവിൽ പൊട്ടിയ ചില്ലിന്റെ അംശം ഉണ്ടായിരുന്നു. തുടർന്ന് ചേർത്തല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. അവിടെ വച്ച് മുറിവ് വച്ചുകെട്ടി. എന്നാൽ ചില്ലിന്റെഅംശങ്ങൾ നീക്കിയിരുന്നില്ലെന്നാണ് പരാതി. 63 ദിവസങ്ങൾക്ക് ശേഷവും വേദന മാറാത്തതിനെ തുടർന്ന് ആലപ്പുഴയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് മുറിവിനുള്ളിൽ ഏകദേശം ഒരു സെന്റീമീറ്ററോളം വലുപ്പമുള്ള രണ്ടിലധികം ചില്ല് കഷ്ണങ്ങൾ ഉള്ളതായി കണ്ടെത്തിയത്. അത്രയും നാൾ ഇദ്ദേഹം വേദന തിന്നു.
ഡ്യൂട്ടി ഡോക്ടർ വിശദമായി പരിശോധിക്കാതെ മുറിവ് വച്ചുകെട്ടിയെന്നാണ് പരാതി. ഈ കാര്യങ്ങൾ ചൂണ്ടിക്കാട്ടി ആലപ്പുഴ ഡിഎംഒയ്ക്കടക്കം പരാതി നൽകിയിട്ടുണ്ട്. ആരോഗ്യമന്ത്രിക്കും പരാതിയുടെ പകർപ്പ് അയച്ചിട്ടുണ്ട്.
ചില്ല് നീക്കാതെ മുറിവ് വച്ചുകെട്ടി; 63 ദിവസത്തോളം വേദന തിന്ന് രോഗി; ചേർത്തല താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം


