ഡിജിറ്റൽ ഇടപാടുകളിലെ തട്ടിപ്പിൽ ഉപഭോക്താക്കൾക്ക് സംരക്ഷണവും നഷ്ടപരിഹാരവും ഉറപ്പാക്കാൻ റിസർവ് ബാങ്ക്. ഡിജിറ്റൽ തട്ടിപ്പുകളിൽ ഇരയാകുന്നവർക്ക് 25,000 രൂപവരെ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് പദ്ധതി അവതരിപ്പിച്ചു. ഉപഭോക്തൃസംരക്ഷണത്തിനും വായ്പാലഭ്യത സുഗമമാക്കുന്നതിനും നടപടികളുണ്ടാകുമെന്നും ഗവർണർ സഞ്ജയ് മൽഹോത്ര അറിയിച്ചു.സാമ്പത്തികത്തട്ടിപ്പുകളിൽ 65 ശതമാനവും 50,000 രൂപയിൽ താഴെ വരുന്നതാണ്. ഇത്തരം തട്ടിപ്പുകൾക്കാണ് നഷ്‌ടപരിഹാരം ലഭ്യമാക്കുക. ഡിജിറ്റൽ സാമ്പത്തികത്തട്ടിപ്പിനിരയായാൽ, അത് ആരുടെ കുറ്റംകൊണ്ടാണെന്നുനോക്കില്ല. 85 ശതമാനം അല്ലെങ്കിൽ പരമാവധി 25,000 രൂപ നഷ്ടപരിഹാരമായി ലഭ്യമാക്കും. ഒരാൾക്ക് ഒരുവട്ടം മാത്രമേ ഇത്തരത്തിൽ നഷ്ടപരിഹാരം ലഭിക്കൂവെന്ന് ഗവർണർ വ്യക്തമാക്കി. പരിധി നിശ്ചയിച്ചിരിക്കുന്നത് ഇത്തരം തട്ടിപ്പുകളിൽ ജാഗരൂകരായിരിക്കാനും തെറ്റുകൾ ആവർത്തിക്കാതിരിക്കാനുമാണെന്നും ഗവർണർ പറഞ്ഞു.ഒ.ടി.പി. പറഞ്ഞുകൊടുത്തുള്ള തട്ടിപ്പായാൽപ്പോലും പണം നഷ്ടമായിട്ടുണ്ടെങ്കിൽ നഷ്ടപരിഹാരം ലഭിക്കും. പണം നഷ്ടമായതു പരിശോധിക്കാൻ സംവിധാനമുണ്ടാകും. ശരിക്കും തട്ടിപ്പാണെന്ന് ഉറപ്പാക്കിയശേഷം മാത്രമാകും നഷ്ടപരിഹാരം ലഭ്യമാക്കുക. നഷ്ടപ്പെട്ട തുകയുടെ 15 ശതമാനം ഉപഭോക്താക്കളും 15 ശതമാനം ബന്ധപ്പെട്ട ബാങ്കുമാകും വഹിക്കേണ്ടിവരുക. പാക്കി തുക റിസർവ് ബാങ്ക് നൽകും.
ഡിജിറ്റൽ ബാങ്കിങ് തട്ടിപ്പിൽ ഉപഭോക്താക്കൾക്കുണ്ടാകുന്ന ബാധ്യത പരിഹരിക്കുന്നതിനൊപ്പം അപ്രതീക്ഷിതമായി ഉണ്ടാകുന്ന പണനഷ്ടത്തിനു പരിഹാരമെന്ന നിലയിൽക്കൂടിയാണ് നഷ്ടപരിഹാരം. ചെറുകിട ഉപഭോക്താക്കൾക്ക് ഇത് വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിയുടെ കരട് ഉടൻ പുറത്തിറക്കും. 2024-25 സാമ്പത്തികവർഷം 13,469 തട്ടിപ്പുകേസാണ് ഇന്ത്യൻ ബാങ്കിങ് സംവിധാനത്തിൽ റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. 520 കോടി രൂപയാണ് ഇതിലെ നഷ്ടം.
ഡിജിറ്റൽ സാമ്പത്തികത്തട്ടിപ്പുകൾക്ക് ഇരയായാൽ നഷ്ടപരിഹാരം; പദ്ധതിയുമായി ആർ.ബി.ഐ.


