തിരുവനന്തപുരം: 16 ാം നിയമസഭയുടെ ആദ്യ സമ്മേളനത്തിന് യുഡിഎഫ് സർക്കാരിന്റെ നയപ്രഖ്യാപനത്തോടെ തുടക്കം. ഗവർണർ രാജേന്ദ്ര അർലേക്കർ ആണ് നയപ്രഖ്യാപനം നടത്തുന്നത്. ലോക്ഭവൻ്റെ നിർദേശം തള്ളി വന്ദേമാതരം സഭയിൽ മുഴുവൻ ആലപിച്ചില്ല. വന്ദേമാതരത്തിന്റെ ആദ്യ രണ്ട് സ്റ്റാൻസയുടെ ബാന്റ് വാദ്യം മാത്രമാണ് കേരള പൊലീസ് വായിച്ചത്.വമ്പൻ പ്രഖ്യാപനങ്ങളാണ് നയപ്രഖ്യാപനത്തിൽ ഗവർണർ നടത്തിയത്. സംസ്ഥാനത്തിൻ്റെ സാമ്പത്തിക സ്ഥിതി ജനങ്ങൾക്ക് മുന്നിൽ വിശദീകരിക്കാൻ ദവളപത്രം ഇറക്കുമെന്ന് അറിയിച്ചു. കോളേജ് വിദ്യാർത്ഥിനികൾക്ക് മാസം 1,000 രൂപ നൽകുമെന്നും ക്ഷേമ പെൻഷൻ 3000 രൂപയാക്കുമെന്നും പ്രഖ്യാപനം ഉണ്ടായി. വനിതകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യയാത്ര, ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷൂറൻസ്, കാർഷിക മേഖലയ്ക്ക് ഊന്നൽ നൽകും. കേരളത്തെ തുറമുഖ ഹബ്ബായി മാറ്റുമെന്നും പ്രഖ്യാപനം. കൃഷി ചെയ്യാനുള്ള ചെലവുകൾ കുറയ്ക്കാൻ നടപടിയുണ്ടാകും. കാർഷിക മേഖലയിൽ യന്ത്രവൽക്കരണം വ്യാപകമാക്കും, വനിതാ കർഷകരെ പ്രോത്സാഹിപ്പിക്കും, സുഗന്ധദ്രവ്യ കയറ്റുമതി മെച്ചപ്പെടുത്തുമെന്നും പ്രഖ്യാപനം.ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷൂറൻസ് പദ്ധതി നടപ്പാക്കും. ഓരോ കുടുംബത്തിനും വർഷം തോറും 25ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷൂറൻസ് എന്ന നിലയ്ക്കാണ് പദ്ധതി നടപ്പിലാക്കുക. ഇന്ദിരാ ഗ്യാരൻ്റിയുമായി മുന്നോട്ട് പോകും. വജനങ്ങൾക്ക് സംരംഭം ആരംഭിക്കാൻ 5ലക്ഷം രൂപയുടെ പലിശ രഹിത വായ്പ അനുവദിക്കും. സംസ്ഥാനത്ത് വയോജന വകുപ്പ് നടപ്പിലാക്കും, മണ്ണ് സംരക്ഷണത്തിന് പ്രത്യേക പോളിസി, സഹകരണ സംഘങ്ങൾക്ക് പ്രത്യേക സ്കീം, കേരളത്തെ സിനിമാ ഷൂട്ടിംഗ് ഡെസ്റ്റിനേഷൻ ആക്കും. സമഗ്ര സിനിമാ നയം രൂപീകരിക്കും. ക്ഷേത്രങ്ങളെ ബന്ധപ്പെടുത്തി തീർത്ഥാടന ടൂറിസം ആരംഭിക്കും. സീറോ ടോളറൻസ് ടു ഡ്രഗ്സ്. എക്സൈസ് വകുപ്പിൽ സമഗ്ര പരിഷ്കാരം. ലഹരി നെറ്റ്വർക്കുകളെ തകർക്കും. സ്കൂൾ, കോളേജ് ക്യാമ്പസുകൾ ലഹരിമുക്തമാക്കും. എല്ലാ ജില്ലകളിലും പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കും എന്നിങ്ങനെയും പ്രഖ്യാപനമുണ്ടായി.കേരളത്തെ അന്താരാഷ്ട്രതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന ഒരു സിനിമാ ചിത്രീകരണ കേന്ദ്രമാക്കി മാറ്റുന്നതിനായി സർക്കാർ സമഗ്ര സിനിമാനയം രൂപീകരിക്കുമെന്ന് ഗവർണർ നയപ്രഖ്യാപനത്തിൽ വ്യക്തമാക്കി. അത്യാധുനികമായ ഒരു മീഡിയ സിറ്റിയും ക്രിയേറ്റീവ് ഇൻഡസ്ട്രീസ് ഹബ്ബും സർക്കാർ വികസിപ്പിക്കും. ആനിമേഷൻ-വിഎഫ്എക്സ് മേഖലകളിലെ യുവ പ്രതിഭകൾക്ക് കൂടുതൽ അവസരങ്ങൾ നൽകുന്നതിനൊപ്പം 60 വയസ്സിന് മുകളിലുള്ള സാംസ്കാരിക പ്രവർത്തകർക്ക് പെൻഷനും ആരോഗ്യ ഇൻഷൂറൻസും ഉറപ്പാക്കും. സംസ്ഥാനത്തുടനീളം സ്ഥിരം തിയേറ്ററുകൾ നിർമ്മിക്കാനും അന്താരാഷ്ട്ര ചലച്ചിത്ര മേള കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുകയും ഡിജിറ്റൽ ആർട്ട് മ്യൂസിയങ്ങൾ സ്ഥാപിക്കുകയും ചെയ്യും.
മൊബൈൽ മാവേലി സ്റ്റോറുകൾ വിപുലീകരിക്കും. കേരളത്തിൽ ആഗോള നിലവാരമുള്ള ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങൾ തുടങ്ങും. സംസ്ഥാനത്ത് ആഗോള നിലവാരമുള്ള ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങൾ ആരംഭിക്കും. ജവഹർലാൽ നെഹ്റു സയന്റിഫിക് സെൻ്റർ ആരംഭിക്കും. സെമസ്റ്റർ ഇൻ കേരള എന്ന അക്കാദമിക് ടൂറിസം പദ്ധതി എന്നിവ ആരംഭിക്കും
നയപ്രഖ്യാപനം: വന്ദേമാതരം മുഴുവൻ ആലപിക്കാതെ പൊലീസ് ബാന്റ്; ക്ഷേമ പെൻഷനിൽ അടക്കം വൻ പ്രഖ്യാപനങ്ങൾ


