2019ലും 2024ലും പ്രദേശത്ത് മണ്ണിടിച്ചിൽ ഉണ്ടായി; വയനാട് തുരങ്ക പാതക്ക് പാരിസ്ഥിതികാനുമതി നൽകിയതിൽ ദുരൂഹത

വയനാട്: വയനാട് തുരങ്കപാതയ്ക്ക് പാരിസ്ഥിതികാനുമതി നൽകിയ റിപ്പോർട്ടിൽ വൈരുദ്ധ്യമെന്ന് വിമർശനം. മണ്ണിടിച്ചിലിന് സാധ്യതയുള്ള അതീവ ദുർബല ഭൂപ്രദേശത്തിലൂടെയാണ് പാത കടന്നുപോകുന്നതെന്ന് റിപ്പോർട്ടിലുണ്ട്. 2019ലും 2024ലും പ്രദേശത്ത് വലിയ മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ടെന്ന് 2025 ൽ നൽകിയ പാരിസ്ഥിതികാനുമതി റിപ്പോർട്ടിൽ പറയുന്നു. അനുമതി നൽകിയ യോഗത്തിൽ മൂന്ന് അംഗങ്ങൾ പങ്കെടുത്തിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
നിർമ്മാണ ഘട്ടത്തിൽ പാറ തുരക്കുമ്പോഴുണ്ടാകുന്ന സ്ഫോടനങ്ങൾ മണ്ണിടിച്ചിലിന് കാരണമാകുമെന്നും പറയുന്നുണ്ട്. ഇത് ദുരന്തത്തിലേക്ക് നയിച്ചേക്കാമെന്നും ഗൗരവമായി ചൂണ്ടിക്കാട്ടുന്നതാണ് റിപ്പോർട്ട്. അതീവ പാരിസ്ഥിക ദുർബലമായ പ്രദേശങ്ങളിലൂടെയാണ് പാത കടന്നുപോകുന്നതെന്നും ചൂണ്ടിക്കാട്ടുന്നു. സർക്കാർ നൽകിയ രേഖകളിൽ സ്ഫോടനം സ്യഷ്ടിക്കുന്ന ആഘാതം എത്രയെന്ന് പറയുന്നില്ലെന്നും എക്സ്പേർട്ട് കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. പദ്ധതി നടപ്പിലാക്കുന്നതോടെ മനുഷ്യ – വന്യജീവി സംഘർഷം കൂടുമെന്ന വിവരവും എടുത്ത് പറയുന്നു. ഇത്രയധികം പ്രതിസന്ധികൾ ഉയർത്തിക്കാട്ടിയിട്ടും പാരിസ്ഥിതികാനുമതി എങ്ങനെ നൽകി എന്നതിലാണ് ചോദ്യമുയരുന്നത്. ഈ പ്രശ്‌നങ്ങളെല്ലാം ചൂണ്ടിക്കാട്ടിയ ശേഷമാണ് ഇക്കാര്യങ്ങൾ ശ്രദ്ധിച്ച് ഇരട്ട തുരങ്ക പാതാ നിർമാണത്തിന് 13 അംഗ സമിതി അനുമതി നൽകിയതെന്നതാണ് ഏറ്റവും ദുരൂഹതയുയർത്തുന്നത്.അതേസമയം വയനാട് തുരങ്കപാത നിർമ്മാണവുമായി ബന്ധപ്പെട്ട് ജിയോളജിക്കൽ സർവെ ഓഫ് ഇന്ത്യയുടെ അപകട മുന്നറിയിപ്പ് നിർമ്മാണ കമ്പനി അവഗണിച്ചെന്ന വാർത്തയും ഇന്നലെ പുറത്തുവന്നിരുന്നു. നിർമ്മാണത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി നിർമ്മാണ ചുമതലയുള്ള ദിലീപ് ബിൽഡ്കോണിന് ജൂൺ 14ന് ജിഎസ്ഐ നൽകിയ റിപ്പോർട്ടായിരുന്നു അവഗണിച്ചത്. സുരക്ഷാ ഭിത്തിയുടെ ഇടതുഭാഗത്ത് വിള്ളലുണ്ടായിരുന്നുവെന്ന് ജിഎസ്ഐ റിപ്പോർട്ടിൽ പരാമർശമുണ്ട്. റോക്ക് നെയിലിംഗ് വേണ്ട സ്ഥലത്ത് സോയിൽ നെയിലിംഗ് നടത്തിയതായുള്ള സാങ്കേതിക പിഴവും റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു. വെള്ളം വാർന്നു പോകാനുള്ള മതിയായ ദ്വാരങ്ങൾ വീപ്പ് ഹോൾസ് ഇല്ലാതിരുന്നതും ദുരന്തത്തിൻ്റെ വ്യാപ്തി കൂട്ടിയെന്ന് വ്യക്തമായിരുന്നു. മുന്നറിയിപ്പുകൾ അവഗണിച്ചത് ദുരന്തത്തിൻ്റെ ആക്കം കൂട്ടിയെന്നാണ് ഇതോടെ വ്യക്തമായത്. ഇടിഞ്ഞത് മൺകൂനയല്ല സുരക്ഷാ ഭിത്തിയാണെന്നും കണ്ടെത്തിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top