കൽപ്പറ്റ: വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലിൽ കണാതായവർക്കായുള്ള തിരച്ചിലിനിടെ ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ മരണസംഖ്യ നാലായി. അഞ്ച് പേരെയാണ് നേരത്തെ അപകടത്തിൽ കാണാതായത്. ഇവരെ കണ്ടെത്താനുള്ള തിരച്ചിലിനിടെയാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. ഇനി നാല് പേരെ കൂടി കണ്ടെത്താനുണ്ട്. ഇവർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്.
വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലിൽ കണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. ഇനി കണ്ടെത്താനുള്ള നാല് പേർക്കായുള്ള തിരച്ചിലാണ് തുടരുന്നത്. എൻഡിആർഎഫ്, സിവിൽ ഡിഫൻസ്, പൊലീസ്, ഫയർ ഫോഴ്സ് സേനകളുടെ നേതൃത്വത്തിൽ സോൺ മൂന്നിൽ തിരച്ചിൽ വ്യാപിപ്പിച്ചിരിക്കുകയാണ്. മഴ ശക്തമായി പെയ്യുന്നതും പുഴയിൽ ഒഴുക്ക് കൂടുന്നതും പ്രതിസന്ധിയാകുന്നുണ്ട്. ഇന്നലെ മീനാക്ഷി പാലത്തിലെയും മേപ്പാടി ചൂരൽമല റോഡിലെയും മണ്ണ് നീക്കം ചെയിതിരുന്നു. പൊതുമരാമത്ത് മന്ത്രിയും പ്രതിപക്ഷ നേതാവും ഇന്ന് അപകടസ്ഥലം സന്ദർശിക്കും.ഇന്നലെ ഏറെ നേരം ശ്രമിച്ചിരുന്നെങ്കിലും മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഡ്രോണും കെഡാവർ നായ്ക്കളെയും ഉപയോഗിച്ചു തിരച്ചിൽ നടത്തിയിരുന്നെങ്കിലും കാണാതായവരെ സ്പോട്ട് ചെയ്യാൻ സാധിക്കാത്തത് പ്രതിസന്ധിയായിരുന്നു. മഴയിൻ കുത്തിയൊലിച്ചെത്തുന്ന വെള്ളത്തോടൊപ്പം മണ്ണ് ഒലിച്ചിറങ്ങുന്നതും തിരിച്ചടിയാണ്. ഏറെനേരം മണ്ണ് നീക്കം ചെയ്തിട്ടും വീണ്ടും അടിഞ്ഞുകൂടുന്നുണ്ട്. സർക്കാർ കണക്കനുസരിച്ച് അഞ്ച്പേരാണ് കുടുങ്ങിക്കിടക്കുന്നതെങ്കിലും അതിൽ കൂടുതൽ പേർ ഉണ്ടായേക്കാമെന്നാണ് നാട്ടുകാർ പങ്കുവെക്കുന്ന വിവരം.
എന്നാൽ കമ്പനിയിൽ ജോലി ചെയ്തിരുന്ന അഞ്ച് പേർ തന്നെയാണ് മണ്ണിനടിയിലുള്ളതെന്ന് കളക്ടർ വ്യക്തമാക്കിയിട്ടുണ്ട്. ഇതിൽ ഒരാളുടെ മൃതദേഹമാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.ശാസ്ത്രീയ പരിശോധന ഉൾപ്പടെ അനിവാര്യമാണെന്നാണ് ഇന്നലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിലെ തീരുമാനം. അതേസമയം വയനാടിലുണ്ടായത് മനുഷ്യ നിർമിത ദുരന്തമാണെന്ന സർക്കാർ വാദത്തെ പ്രതിപക്ഷം തള്ളി. പ്രകൃതി ദുരന്തം തന്നെയെന്നാണ് വിശദീകരണം. മണ്ണ് കൂട്ടിയിട്ടത് നീക്കം ചെയ്യാൻ സർക്കാർ തുടർ നടപടികൾ സ്വീകരിച്ചില്ലെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നുണ്ട്. മന്ത്രിമാരായ ടി സിദ്ദിഖും, എ പി അനിൽ കുമാറുമാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ജില്ലയിൽ ഇന്ന് റെഡ് അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ദുരന്തത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അതോടൊപ്പം തുരങ്കപാത നിർമാണത്തിൻ്റെ ഭാവി എന്തെന്നതിലും സർക്കാർ തീരുമാനമുണ്ടാകും.
വയനാട് മണ്ണിടിച്ചിൽ ദുരന്തം: ഒരു മൃതദേഹം കൂടി കണ്ടെത്തി; മരണസംഖ്യ നാലായി


