തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. അതിശക്തമായ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി, പാലക്കാട്, തൃശൂർ ജില്ലകളിൽ കൂടി യെല്ലോ അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കാസർകോട്, കണ്ണൂർ ജില്ലകളിലും യെല്ലോ അലേർട്ട് തുടരും. നാളെയും സംസ്ഥാനത്ത് മഴ തുടരുമെന്നാണ് പ്രവചനം. കാസർകോട് മുതൽ മലപ്പുറം വരെയുളള 5 ജില്ലകളിൽ നാളെ യെല്ലോ അലേർട്ടാണ്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്. വയനാട് ജില്ലയിൽ ഇന്നലെ റെഡ് അലേർട്ടായിരുന്നു. ഈ സാഹചര്യത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയത്.
ജില്ലയിലെ അങ്കൺവാടികൾ, മതപഠന ക്ലാസുകൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. മൂന്ന് ജില്ലകളിലും യൂണിവേഴ്‌സിറ്റി പരീക്ഷകൾ, പിഎസ്‌സി പരീക്ഷകൾ തുടങ്ങി മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾ മാറ്റമില്ലാതെ നടക്കും. നഷ്‌ടപ്പെട്ട പ്രവൃത്തി ദിനം പിന്നീട് നികത്തുന്നതിനുളള നടപടികൾ അതത് സ്ഥാപന മേധാവികൾ സ്വീകരിക്കണമെന്ന് മലപ്പുറം ജില്ലാ കളക്ടർ നിർദേശിച്ചു.മലയോര മേഖലകളിലേക്ക് രാത്രി യാത്രയ്ക്ക് കർശന നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. വൈകീട്ട് ഏഴുമുതൽ രാവിലെ ഏഴുവരെ മലയോര പ്രദേശങ്ങളിലൂടെയുളള യാത്ര പരമാവധി ഒഴിവാക്കണമെന്നാണ് ജില്ലാ ഭരണകൂടങ്ങളുടെ നിർദേശം. ഉരുൾപൊട്ടൽ സാധ്യതയുളള പ്രദേശങ്ങളിൽ താമസിക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കടലാക്രമണം രൂക്ഷമാകാൻ സാധ്യത ഉളളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിനും നിയന്ത്രണമുണ്ട്.
മഴ മുന്നറിയിപ്പിൽ മാറ്റം; വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലേർട്ട്


