ഉജ്ജയിൻ: കളിക്കുന്നതിനിടെ കുഴൽകിണറിൽ വീണ രണ്ടുവയസുകാരനായുളള രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. മധ്യപ്രദേശിലെ ഉജ്ജയിൻ ജില്ലയിലാണ് സംഭവം. വയലിൽ കളിച്ചുകൊണ്ടിരിക്കെയാണ് രണ്ട് വയസുളള ആൺകുട്ടി തുറന്നുകിടന്നിരുന്ന കുഴൽകിണറിലേക്ക് വീണത്. ജലാരിയ ഗ്രാമത്തിൽ ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം.
രാജസ്ഥാനിലെ പാലിയിൽ നിന്ന് മൂന്നുദിവസം മുൻപ് കുടുംബത്തോടൊപ്പം എത്തിയതായിരുന്നു ഭാഗീരഥ് എന്ന രണ്ടുവയസുകാരൻ. അച്ഛൻ പ്രവീൺ ദേവസി ആട്ടിടയനാണ്. കുടുംബത്തോടൊപ്പം ആടുമേയ്ക്കാനായി പ്രദേശത്ത് എത്തിയ ഭാഗീരഥ് വയലിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. അതിനിടെയാണ് തുറന്നുകിടന്നിരുന്ന കുഴൽകിണറിലേക്ക് അബദ്ധത്തിൽ വീണത്.വിവരം ലഭിച്ചയുടൻ ബദ്നഗർ പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. കുഴൽകിണറിലേക്ക് പൈപ്പ് വഴി ഓക്സിജൻ പമ്പ് ചെയ്യുന്നുണ്ടെന്നും രക്ഷാപ്രവർത്തനത്തിന് ആവശ്യമായ കൂടുതൽ ഉപകരണങ്ങളുമായി സംസ്ഥാന ദുരന്തനിവാരണ സേനയുടെ സംഘം സ്ഥലത്തെത്തിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
കളിക്കുന്നതിനിടെ മധ്യപ്രദേശിൽ രണ്ടുവയസുകാരൻ കുഴൽകിണറിൽ വീണു; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു


