തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ടുപുര അപകടത്തിൻ്റെ പശ്ചാത്തലത്തിൽ തൃശൂർ പൂരം നടത്തണമോയെന്ന കാര്യത്തിൽ അന്തിമതീരുമാനം ഇന്ന്. ദേവസ്വം മന്ത്രിയുമായി പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ ഇന്ന് ചർച്ച നടത്തും. പൂരം നടത്തിപ്പിൽ തീരുമാനം ഇന്നുതന്നെയുണ്ടാകും എന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. പൂരം ഏകോപനത്തിനാണ് ഹൈക്കോടതിയുടെ അനുമതിയോടെ യോഗം വിളിച്ചതെന്നും വെടിക്കെട്ട് അപകടത്തോടെ അസാധാരണ സാഹചര്യമുണ്ടായെന്നും വി എൻ വാസവൻ പറഞ്ഞു.
ദേവസ്വങ്ങൾ പറയുന്ന എല്ലാ കാര്യങ്ങളും കേട്ട് തീരുമാനമെടുക്കണമെന്നും ഒരു മുൻവിധിയോടെ യോഗത്തെ സമീപിക്കില്ലെന്നും വി എൻ വാസവൻ പറഞ്ഞു. യോഗത്തിന് മുന്നോടിയായി മന്ത്രിമാരായ ആർ ബിന്ദു, കെ രാജൻ എന്നിവരുമായി വി എൻ വാസവൻ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ആർഭാടം വേണ്ട എന്ന നിലപാടിലാണ് സർക്കാർ. വെടിക്കെട്ട് അപകടം നടന്ന് നിരവധി പേർ മരിച്ച സാഹചര്യത്തിൽ ആഘോഷം വേണ്ടെന്ന പൊതുവികാരമുണ്ടെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.തൃശൂർ പൂരം ഭംഗിയായി നടത്തണമെന്നതാണ് ജനവികാരമെന്നാണ് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് പറഞ്ഞത്. പാറമേക്കാവ് ഭാഗം ഇന്നലെ യോഗം ചേർന്നിരുന്നെന്നും ഒരാള് പോലും പൂരം നടത്തേണ്ട എന്ന് പറഞ്ഞിട്ടില്ലെന്നും ജി രാജേഷ് പറഞ്ഞു. ആ നിലപാട് ഇന്നത്തെ യോഗത്തിൽ പറയുമെന്നും ദേശക്കാരുടെ വികാരം അറിയിക്കാൻ തങ്ങൾ ബാധ്യസ്ഥരാണെന്നും രാജേഷ് പറഞ്ഞു. ‘ഭരണസമിതി യോഗത്തിലും ആഘോഷ കമ്മിറ്റി യോഗത്തിലും പൂരം നടത്തണം എന്നുളളതായിരുന്നു ആവശ്യം. ആ നിലപാട് ഇന്നത്തെ യോഗത്തിൽ അറിയിക്കും. സാമ്പിൾ വെടിക്കെട്ട് ഒഴിവാക്കാം. വെടിക്കെട്ട് നടത്തണം. രണ്ടുമാസമായി വെടിമരുന്നുകൾ ഉണ്ടാക്കിവെച്ചിരിക്കുകയാണ്. വെടിക്കെട്ട് നടത്താതെ അതെങ്ങനെയാണ് ഒഴിവാക്കുക. 2006-ൽ വെടിക്കെട്ട് അപകടമുണ്ടായിട്ടും പൂരം നടന്നു. ഇപ്പോൾ എന്താണ് മറ്റൊരു നിലപാട്. അത് പൂരത്തിനെ തകർക്കാനാണോ എന്നാണ് സംശയം’ എന്നും ജി രാജേഷ് പറഞ്ഞു.
പൂരം നടത്തിപ്പിൽ തീരുമാനം ഇന്നുതന്നെ; നിർണായക യോഗം ഇന്ന്, ആർഭാടം വേണ്ടെന്ന നിലപാടിൽ സർക്കാർ


