കുളത്തെ ചൊല്ലി തർക്കം; കുടിവെള്ളം മുടക്കി ഉടമ: പ്രദേശത്തെ പൈപ്പുകൾ വെട്ടിമുറിച്ചു

തിരുവമ്പാടി വർഷങ്ങളായി പ്രദേശവാസികളായ 14 കുടുംബങ്ങൾ
കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്ന കുളത്തിൽ നിന്നു വെള്ളം എടുക്കുന്നതു തടയുന്നതായി പരാതി. തിരുവമ്പാടി പഞ്ചായത്തിലെ പൊന്നാങ്കയം അഞ്ചാം വാർഡിലെ കുളത്തെ ചൊല്ലിയാണു തർക്കം. 20 വർഷങ്ങൾക്കു മുൻപ് പഞ്ചായത്ത് ഫണ്ടും ഗുണഭോക്‌തൃ വിഹിതവും വിനിയോഗിച്ചു നവീകരിക്കുകയും നാട്ടുകാർ സംരക്ഷിച്ചു പോരുകയും ചെയ്ത കുളമാണിത്. എന്നാൽ, കുളം സ്‌ഥിതി ചെയ്യുന്ന പറമ്പിന്റെ ഉടമസ്ഥൻ പ്രദേശവാസികൾക്കു വെള്ളമെടുക്കാനോ പൈപ്പ്ലൈനുകൾ സ്ഥാപിക്കാനോ സമ്മതിക്കുന്നില്ല. ഇട്ട പൈപ്പുകൾ വെട്ടി മുറിക്കുകയും ചെയ്യുന്നു എന്നാണു നാട്ടുകാരുടെ പരാതി.
മറ്റു കുടിവെള്ള സ്രോതസ്സുകൾ ഒന്നുമില്ലാത്ത ഇവിടെ പ്രദേശത്തെ കുടുംബങ്ങൾ കടുത്ത ദുരിതത്തിലാണ്. വിഷയം പരിഹരിക്കുന്നതിനായി പഞ്ചായത്ത് അംഗം സോണി മണ്ഡപം ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ചർച്ചകൾ നടത്തുകയും കലക്‌ടർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകുകയും ചെയ്തിരുന്നു. എന്നാൽ ഭൂവുടമ അനുകൂല നിലപാട് സ്വീകരിക്കാത്തതിനെ തുടർന്ന് പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് പരാതിയെ സംബന്ധിച്ചു കൂടുതൽ പരിശോധനയ്ക്ക് പരാതി ഡിവൈഎസ്‌പിക്ക് കൈമാറിയെന്നാണ് പൊലീസ് പറയുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top