പതിവായി ട്രെയിനിൽ യാത്ര ചെയ്യുന്നവരാണോ?, അല്ലെങ്കിൽ യാത്രയ്ക്കായി ഓൺ ലൈൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പ്ലാൻ ചെയ്യുന്നുണ്ടോ? എന്നാൽ ബുക്ക് ചെയ്യുമ്പോൾ ജാഗ്രത പാലിക്കേണ്ടത് വളരെ പ്രധാനമാണ്. പേര്, പ്രായം, ലിംഗഭേദം, മൊബൈൽ നമ്പർ തുടങ്ങിയ തെറ്റായ വിവരങ്ങൾ നൽകുന്നത് പിന്നീട് പ്രശ്നങ്ങൾക്ക് കാരണമായേക്കാം. മാത്രമല്ല ടിക്കറ്റ് റദ്ദാക്കുകയോ റീഫണ്ട് ലഭിക്കേണ്ടതായ ആവശ്യം വരികയോ ചെയ്യുകയാണെങ്കിൽ കാര്യമായ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരികയും ചെയ്യും.
യാത്രക്കാർ റെയിൽവേ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിൽ ജാഗ്രത പാലിക്കണമെന്ന് ഐആർസിടിസി തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ നിർദ്ദേശിച്ചിട്ടുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുമുമ്പ് എല്ലാ വിവരങ്ങളും കൃത്യമായി പരിശോധിക്കണമെന്നും വ്യാജ ഏജൻറുമാരിൽനിന്നുള്ള ചതി ഒഴിവാണമെന്നും ഐആർസിടിസി യാത്രക്കാരെ ഉപദേശിക്കുന്നു. അതിനാൽ, ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാൻ പദ്ധതിയിടുകയാണെങ്കിൽ ഈ പ്രധാന കാര്യങ്ങൾ മനസ്സിൽ വയ്ക്കുക.
ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ പരിശോധിക്കേണ്ട കാര്യങ്ങൾ
. യാത്രക്കാരൻ്റെ ശരിയായ പൂർണ്ണ നാമം നൽകുക.
. ലിംഗ വിവരങ്ങൾ ശരിയായി പൂരിപ്പിക്കുക.
. പ്രായം ശ്രദ്ധാപൂർവ്വം നൽകുക
. ശരിയായ മൊബൈൽ നമ്പർ നൽകുക
. പണമടയ്ക്കുന്നതിന് മുമ്പ് എല്ലാ വിശദാംശങ്ങളും രണ്ടുതവണ പരിശോധിക്കുക.
വ്യാജ ഏജന്റുമാരിൽ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്യുന്നത് ഒഴിവാക്കുക
ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ഒരു അജ്ഞാത വ്യക്തിയെയോ വ്യാജ ഏജന്റിനെയോ ആശ്രയിക്കരുത്. തട്ടിപ്പുകാർ പലപ്പോഴും ഏജൻ്റുമാരായി ചമഞ്ഞ് യാത്രക്കാരിൽ നിന്ന് പണം തട്ടുന്നു. അതിനാൽ, ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് എല്ലായ്പ്പോഴും ഔദ്യോഗിക IRCTC പ്ലാറ്റ്ഫോം ഉപയോഗിക്കുക. ടിക്കറ്റ് എടുത്തതിനു ശേഷവും, അതിൽ നൽകിയിട്ടുള്ള വിവരങ്ങൾ ഒരിക്കൽ പരിശോധിക്കുക. ഏതെങ്കിലും തരത്തിലുള്ള വിവരങ്ങൾക്കോ ബുക്കിംഗിനോ, ഐആർസിടിസിയുടെ ഔദ്യോഗിക വെബ്സൈറ്റ് www.irctc.co.in മാത്രം ഉപയോഗിക്കുക.
ഏതെങ്കിലും കാരണത്താൽ ടിക്കറ്റ് റദ്ദാക്കേണ്ടി വന്നാൽ ബുക്കിംഗ് സമയത്ത് നൽകുന്ന വിവരങ്ങൾ കൃത്യമായിരിക്കേണ്ടത് നിർണായകമാണ്. അതിനാൽ ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ അൽപ്പം ജാഗ്രത പാലിക്കുന്നത് പിന്നീട് നിരവധി പ്രശ്നനങ്ങളിൽ നിന്ന് നിങ്ങളെ രക്ഷിക്കും.
ട്രെയിൻ യാത്ര ചെയ്യുന്നവരാണോ?; ടിക്കറ്റ് ബുക്കിംഗ് നടത്തുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് IRCTC

