തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ പുതിയ കേസെടുക്കാൻ പ്രത്യേക അന്വേഷണസംഘം. 2025-ലെ ദ്വാരപാലക പാളിമാറ്റത്തിൽ കേസെടുക്കാനാണ് നീക്കം. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ്് പി എസ് പ്രശാന്ത് അടക്കമുള്ളവർ പ്രതികളാകും. 2025-ൽ ഗൂഢാലോചന നടന്നെന്ന നിഗമനത്തിലാണ് എസ്ഐടി. പാളികൾ കൈമാറിയതിൽ ദുരൂഹതയുണ്ടെന്നും എസ്ഐടി വിലയിരുത്തുന്നു.
ഭരണസമിതിയിലെ മൂന്നംഗങ്ങൾ അടക്കം പ്രതിപ്പട്ടികയിലേക്കെത്തും. പി എസ് പ്രശാന്തിനൊപ്പം ദേവസ്വം ബോർഡ് അംഗമായിരുന്ന അജികുമാർ, സന്തോഷ് എന്നിവരും പ്രതിപ്പട്ടികയിലെത്തുമെന്നാണ് സൂചന. ഒപ്പം തന്ത്രി കണ്ഠരര് രാജീവര്, തിരുവാഭരണം കമ്മീഷണർ രജിലാൽ, ദേവസ്വം സെക്രട്ടറി ബിന്ദു എന്നിവരെ പ്രതിചേർക്കും. 29-ന് മുൻപ് കേസെടുത്ത് റിപ്പോർട്ട് നൽകാനാണ് എസ്ഐടിയുടെ നീക്കം.ശബരിമല സ്വർണ്ണക്കവർച്ച കേസിൽ അന്വേഷണം അനിശ്ചിതമായി നീട്ടാനാവില്ലെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. അന്വേഷണം എസ്ഐടി സമയബന്ധിതമായി പൂർത്തിയാക്കണമെന്നും കുറ്റപത്രം എന്ന് നൽകാനാകുമെന്ന് അറിയിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.
ശബരിമല ദ്വാരപാലക ശിൽപങ്ങളിൽ 2025ൽ സ്വർണ്ണം പൂശിയ നടപടിയിൽ എസ്ഐടി അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകണമെന്നായിരുന്നു ഹൈക്കോടതി നിർദ്ദേശം. ഈ മാസം 29-നകം സമഗ്ര അന്വേഷണ റിപ്പോർട്ട് നൽകണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ശബരിമല സ്വർണക്കൊള്ള; പുതിയ കേസെടുക്കാൻ എസ്ഐടി, പി എസ് പ്രശാന്ത് പ്രതിയാകും


