പ്ലസ് ‌വൺ ക്ലാസ് തുടങ്ങി 4 ദിവസങ്ങൾ മാത്രം; കുമ്പളയ്ക്കും എടനീരിനും പിന്നാലെ ബെള്ളൂരിലും റാഗിംഗ്; രക്ഷിതാക്കൾ ആശങ്കയിൽ, വിദ്യാനഗറിൽ 20 പേർക്കെതിരെ കേസ്

കാസർകോട്: പ്ലസ്‌വൺ ക്ലാസുകൾ ആരംഭിച്ചതിനു പിന്നാലെ സ്‌കൂളുകളിൽ റാഗിംഗ് വ്യാപകമാകുന്നു. കുമ്പള ഗവ. ഹയർസെക്കണ്ടറി സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയും എടനീർ ഗവ. ഹയർസെണ്ടറി സ്‌കൂളിൽ പ്ലസ്‌വൺ വിദ്യാർത്ഥിയും ക്രൂരമായ അക്രമത്തിനു ഇരയായതിനു പിന്നാലെ ബെള്ളൂർ ഗവ. ഹയർസെക്കണ്ടറി സ്‌കൂളിലും റാഗിംഗ് ബെളിഞ്ച സ്വദേശിയും ബെള്ളൂർ സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയുമായ 16കാരനാണ് ഇന്ന് (വ്യാഴം) രാവിലെ അക്രമത്തിനു ഇരയായത്. ഷർട്ടിൻ്റെ മുകളിലത്തെ ബട്ടൻ ഇട്ടില്ലെന്നു പറഞ്ഞ് നാലോളം പ്ലസ്‌ടു വിദ്യാർത്ഥികൾ ചേർന്നാണ് പ്ലസ് വൺ വിദ്യാർത്ഥിയെ ചവിട്ടുകയും അടിക്കുകയും ചെയ്‌തത്‌. അക്രമത്തിനു ഇരയായ വിദ്യാർത്ഥിയെ മുള്ളേരിയയിലെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. അക്രമം സംബന്ധിച്ച് സ്‌കൂൾ അധികൃതരും വിദ്യാർത്ഥിയും ആദൂർ പൊലീസിൽ പരാതി നൽകി. വിദ്യാർത്ഥിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തികൊണ്ടിരിക്കുകയാണ്. ചൊവ്വാഴ്‌ചയും ബെള്ളൂർ സ്‌കൂളിലെ പ്ലസ് വൺ -പ്ലസ്‌ടു വിദ്യാർത്ഥികൾ തമ്മിൽ ബസിനകത്തു വച്ച് സംഘട്ടനം ഉണ്ടായിരുന്നു. ഇന്നലെ (ബുധൻ) വീണ്ടും പ്രശ്‌നത്തിനു സാധ്യത ഉണ്ടെന്ന സൂചനകളെ തുടർന്ന് പ്ലസ്ട വിദ്യാർത്ഥികൾക്കു അവധി നൽകിയിരുന്നു. പ്രശ്‌നത്തെ കുറിച്ച് ഇന്ന് പി ടി എ മീറ്റിംഗ് ചേരാനുള്ള ഒരുങ്ങൾക്കിടയിലാണ് പ്ലസ് വിദ്യാർത്ഥി അക്രമത്തിനു ഇരയായത്‌.എടനീർ ഗവ.ഹയർസെക്കണ്ടറി സ്‌കൂളിൽ ചൊവ്വാഴ്‌ച ഉച്ചയ്ക്ക് 11 മണിയോടെ അക്രമത്തിനു ഇരയായ പ്ലസ് വൺ വിദ്യാർത്ഥിയുടെ പരാതിയിൽ പ്ലസ് ടു വിദ്യാർത്ഥികളായ 20 പേർക്കെതിരെ വിദ്യാനഗർ പൊലീസ് കേസെടുത്തു. പരാതിക്കാരനായ വിദ്യാർത്ഥിയെ തടഞ്ഞു നിർത്തി കൈപിടിച്ചു തിരിക്കുകയും തള്ളിയിട്ട് ചവിട്ടി പരിക്കേൽപ്പിക്കുകയും ചെയ്‌തുവെന്നാണ് കേസ്.
കുമ്പള ഗവ. ഹയർസെക്കണ്ടറി സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ ഒളയം സ്വദേശി ഇന്നലെ വൈകിട്ടാണ് അക്രമത്തിനു ഇരയായത്. സ്‌കൂൾ വിട്ട് വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന വിദ്യാർത്ഥിയെ പിന്തുടർന്നെത്തിയ പത്താം ക്ലാസ് വിദ്യാർത്ഥികൾ താക്കോൽ കൊണ്ട് കുത്തുകയും മർദ്ദിക്കുകയുമായിരുന്നു. ക്ലാസ് നടക്കുന്ന സമയത്ത് പുറത്തേയ്ക്ക് ഇറങ്ങി വരാൻ ആവശ്യപ്പെട്ടിട്ടും അതിനു തയ്യാറാകാത്ത വിരോധമാണ് അക്രമത്തിനു ഇടയാക്കിയതെന്നു പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top