തിരുവനന്തപുരം: നവജാത ശിശുവിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. കുട്ടിയുടെ അമ്മ തിരുവല്ലം സ്വദേശിനി ഗ്രീഷ്മക്കെതിരെ മെഡിക്കൽ കോളേജ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവരുടെ സുഹൃത്ത് അമൻ നിരീക്ഷണത്തിലാണെന്നും പൊലീസ് പറഞ്ഞു. ഇന്നലെയാണ് തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ ക്ലോസറ്റിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഫയർഫോഴ്സ് സ്ഥലത്തെത്തി കുഞ്ഞിനെ പുറത്തെടുക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭവം. തിരുവല്ലം സ്വദേശിയായ ഇരുപതുകാരി അബോർഷനുള്ള ഗുളിക കഴിച്ച് ആശുപത്രിയിലെത്തുകയും അബോർഷൻ നടത്തണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. യുവതി അവിവാഹിതയാണ് എന്നാണ് വിവരം. ആറുമാസം ഗർഭിണിയായിരുന്ന പെൺകുട്ടി ബ്ലീഡിംഗുണ്ടായതിനെ തുടർന്ന് ശുചിമുറിയിലേക്ക് പോവുകയും അവിടെ വെച്ച് പ്രസവിച്ച് കുഞ്ഞിനെ ക്ലോസറ്റിലിട്ട് ഫ്ളഷ് ചെയ്യുകയും ചെയ്തു.ബാത്റൂമിന് സമീപം ചോര കണ്ട ജീവനക്കാർക്ക് സംശയം തോന്നുകയും ശുചിമുറിയ്ക്ക് സമീപം സംശയാസ്പദമായ നിലയിൽ നിന്നിരുന്ന പെൺകുട്ടിയെ ചോദ്യം ചെയ്യുകയുമായിരുന്നു. തുടർന്ന് ആശുപത്രി അധികൃതർ ഫയർഫോഴ്സിനെയും പൊലീസിനെയും വിവരമറിയിച്ചു. ഫയർഫോഴ്സ് സെപ്റ്റിക് ടാങ്ക് പൊളിച്ച് കുട്ടിയെ പുറത്തെടുക്കുകയായിരുന്നു. മെഡിക്കൽ കോളേജ് പൊലീസ് സംഭവത്തിൽ കൊലപാതകത്തിന് കേസെടുത്തിരുന്നു. യുവതിക്കൊപ്പം മൂന്ന് യുവാക്കൾ ഉണ്ടായിരുന്നുവെന്നും വിവരമുണ്ട്. ഇവർ സംഭവത്തിന് പിന്നാലെ സ്ഥലം വിട്ടതായാണ് വിവരം.
നവജാത ശിശുവിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച സംഭവം; കുട്ടിയുടെ അമ്മയ്ക്കെതിരെ കേസെടുത്ത് പൊലീസ്


