കാസർകോട്: ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ അഡൂർ, പാണ്ടിയിൽ പ്ലസ്‌ടു വിദ്യാർത്ഥിയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബെള്ളച്ചേരിയിലെ പ്രവാസി ശശിയുടെ മകൻ ഗോകുൽ (17)ആണ് മരിച്ചത്. പാണ്ടി ഗവ. ഹയർസെക്കണ്ടറി സ്‌കൂളിലെ പ്ലസ്‌ടു വിദ്യാർത്ഥിയാണ്. ചൊവ്വാഴ്‌ച രാത്രി പത്തരമണിയോടെയാണ് ഗോകുലിനെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ താഴെയിറക്കി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവ സമയത്ത് മാതാവ് ധന്യയും ഗോകുലും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു. ഏക സഹോദരി ഗോപിക മംഗ്ളൂരുവിലെ വിദ്യാർത്ഥിനിയാണ്. പനി കാരണം ഗോകുൽ ഇന്നലെ സ്‌കൂളിൽ പോയിരുന്നില്ല. ഇത് സംബന്ധിച്ച് കൂട്ടുകാരന് വാട്‌സ്ആപ്പിൽ മെസേജ് അയച്ചിരുന്നതായി പറയുന്നുണ്ട്. ഇന്ന് ജിമ്മിന് പോകുന്നില്ലെന്നു കാണിച്ച് മറ്റൊരു സുഹൃത്തിനു മെസേജ് അയച്ചതായും പറയുന്നു. ആദൂർ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു
അഡൂർ, പാണ്ടിയിൽ പ്ലസ്‌ടു വിദ്യാർത്ഥി കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ


