‘പാരിസ്ഥിതികാനുമതി റദ്ദാക്കണം’; വയനാട് തുരങ്കപാതയ്ക്കെതിരെ സുപ്രീംകോടതിയിൽ ഹർജി

കല്പറ്റ: വയനാട് തുരങ്കപാതയ്ക്കെതിരെ സുപ്രീംകോടതിയിൽ ഹർജി. വയനാട് പ്രകൃതി സംരക്ഷണ സമിതിയാണ് ഹർജി നൽകിയത്. കേന്ദ്രസർക്കാർ നൽകിയ പാരിസ്ഥിതികാനുമതി റദ്ദാക്കണമെന്നും പാത നിർമാണം നിർത്തിവെക്കണമെന്നുമാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്.
വേണ്ടത്ര പഠനം നടക്കാതെ നൽകിയ അനുമതി റദ്ദാക്കണമെന്നാണ് ഹർജിയിൽ ഉള്ളത്. 2018, 2019, 2024 എന്നീ വർഷങ്ങളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടായ പ്രദേശത്തുകൂടിയും മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങൾക്ക് അടുത്തുകൂടിയുമാണ് പാത കടന്നുപോകുന്നത്. പദ്ധതിക്ക് പാരിസ്ഥിതികാനുമതി നൽകിയത് നടപടിക്രമങ്ങൾ പാലിക്കാതെയാണെന്നും ഹർജിയിലുണ്ട്.നേരത്തെ വയനാട് പ്രകൃതി സംരക്ഷണ സമിതിയുടെ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. കഴമ്പില്ലെന്ന് നിരീക്ഷിച്ചായിരുന്നു വയനാട് പ്രകൃതി സംരക്ഷണ സമിതിയുടെ ഹർജി ഹൈക്കോടതി തള്ളിയത്. ഇതിനെതിരെയാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയിരിക്കുന്നത്
അതേസമയം പദ്ധതിയുടെ നിർമാണപ്രവർത്തനങ്ങൾ തകൃതിയായി പുരോഗമിക്കുകയാണ്. മാർച്ച് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ തുരങ്കപാതയുടെ ബ്ലാസ്റ്റിങ് ഉദ്ഘാടനം ചെയ്‌തിരുന്നു. 8.7 കിലോമീറ്റർ ദൂരമുള്ള പാത യാഥാർത്ഥ്യമാകുന്നതോടെ കോഴിക്കോട് – വയനാട് യാത്രാസമയം പകുതിയായി കുറയും. കിഫ്ബിയിൽ നിന്ന് 2,134.50 കോടി രൂപ ചെലവിട്ടാണ് പാത നിർമിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top