പാരിയത്തുകാവ് കുടിയൊഴിപ്പിക്കൽ: വിധി നടപ്പിലാക്കണമെന്ന് ഹൈക്കോടതി; സാവകാശം തേടി സർക്കാർ

കൊച്ചി: പാരിയത്തുകാവിലെ കുടിയൊഴിപ്പിക്കലിൽ വിധി നടപ്പിലാക്കുകയല്ലാതെ സർക്കാരിന് മറ്റ് മാർഗമില്ലെന്ന് ഹൈക്കോടതി. കോടതി വിധിയെ സർക്കാർ അനുസരിക്കുകയാണ് വേണ്ടതെന്നും കുടിയൊഴിപ്പിക്കലിൽ സാങ്കേതികത പറയുകയല്ല വേണ്ടതെന്നും ഹൈക്കോടതി പറഞ്ഞു. കോടതി വിധിയുടെ ശക്തിയെ ഇല്ലാതാക്കുന്ന നടപടിയാണിതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
‘കോടതി വിധി സംരക്ഷിക്കാൻ സർക്കാറിന് ബാധ്യതയുണ്ട്. ഭൂമിയുടെ അവകാശം സ്ഥാപിച്ചെടുക്കാൻ താമസക്കാർ ഒന്നും ചെയ്‌തിട്ടില്ല. തർക്ക ഭൂമിയിൽ താമസിക്കുന്നവർക്ക് നിയമപരമായ അവകാശം ഉണ്ടാകണം. അവകാശം സ്ഥാപിച്ചെടുക്കാൻ നിയമവഴി തേടിയിട്ടില്ല. കോടതിയെ സമീപിക്കാത്തിടത്തോളം കുടിയൊഴിപ്പിക്കലിനെ തടയാനാവില്ല’, ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റേതാണ് നിരീക്ഷണം.
എറണാകുളം റൂറൽ എസ്‌പിയുടെ ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. അതേസമയം ബുദ്ധിമുട്ടില്ലാതെ പ്രശ്‌നം പരിഹരിക്കാൻ രണ്ടാഴ്ച സാവകാശം വേണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. അഡ്വക്കറ്റ് ജനറലിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവെന്ന് അഡ്വക്കറ്റ് ജനറൽ പ്രതികരിച്ചു.മെയ് 20ന് രാവിലെയാണ് എറണാകുളം പാരിയത്തുകാവ് പട്ടികജാതി ഉന്നതിയിലെ കുടിയൊഴിപ്പിക്കൽ നടപടിയുമായി അധികൃതർ എത്തിയത്. സുപ്രീംകോടതി നിർദേശപ്രകാരമായിരുന്നു കുടിയൊഴിപ്പിക്കൽ. പാരിയത്തുകാവ് പട്ടികജാതി ഉന്നതിയിലെ എട്ട് കുടുംബങ്ങളാണ് കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്നത്. അഭിഭാഷക കമ്മീഷൻ അഡ്വക്കേറ്റ് ജയപാലിൻ്റെ നേതൃത്വത്തിലാണ് കുടിയൊഴിപ്പിക്കൽ നടപടി ആരംഭിച്ചത്. ഇതോടെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തുകയായിരുന്നു. കുടിയൊഴിപ്പിക്കലിനെതിരെ പ്രതിഷേധം ശക്തമായതോടെ പൊലീസ് ഇടപെട്ടു. പൊലീസ് ലാത്തിച്ചാർജ് നടത്തിയതായി പ്രതിഷേധക്കാർ പറഞ്ഞിരുന്നു. പൊലീസ് അതിക്രമത്തിൽ പലർക്കും സാരമായി പരിക്കേറ്റിരുന്നു.
പാരിയത്തുകാവിലെ പട്ടികജാതി ഉന്നതിയിൽ മുൻപ് പലതവണ കുടിയൊഴിപ്പിക്കാൻ ശ്രമിച്ചിരുന്നെങ്കിലും പ്രക്ഷോഭത്തെ തുടർന്ന് പിന്മാറുകയായിരുന്നു. ഇത്തവണ കുടിയൊഴിപ്പിക്കാൻ ഉറച്ചാണ് നടപടികൾ തുടങ്ങിയത്. പാരിയത്ത്കാവ് ഉന്നതിയിൽ കുടിയൊഴിപ്പിക്കലിനെതിരെ പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്തിട്ടുണ്ട്. 50ഓളം പേർക്കെതിരെയാണ് തടിയിട്ടപ്പറമ്പ് പൊലീസ് കേസെടുത്തത്. കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനാണ് കേസ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top