കൽപ്പറ്റ: വയനാട് കാട്ടാന ആക്രമണത്തിൽ ഒരു മരണം. കാട്ടിക്കുളം പുളിമൂട് ഉന്നതിയിലെ രാജുവിനാണ് കാട്ടാന ആക്രമണത്തിൽ ജീവൻ നഷ്ടമായത്. കൃഷിയിടത്തിൽ ജോലി ചെയ്‌തുകൊണ്ടിരിക്കെയാണ് രാജുവിനെ കാട്ടാന ആക്രമിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ രാജുവിനെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.
വയനാട് കാട്ടിക്കുളം വെള്ളാഞ്ചേരിയിൽ ജനവാസ മേഖലയിൽ ഒറ്റയാൻ ഇറങ്ങിയെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇന്ന് രാവിലെയോടെയാണ് ഒറ്റയാന്റെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടത്. ജനവാസ മേഖലയിൽ ആന നിലയുറപ്പിച്ചതോടെ പ്രദേശവാസികൾ ഭീതിയിലായിരുന്നു. തുടർന്ന് വനത്തോട് ചേർന്ന പ്രദേശങ്ങളിൽ ജാഗ്രത നിർദേശം നൽകുകയും ചെയ്തിരുന്നു.
ആനയെ തുരത്താൻ വനംവകുപ്പിൻ്റെ നേതൃത്വത്തിൽ ഊർജിത ശ്രമമാണ് നടക്കുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പ് ചെയ് നിരീക്ഷണം തുടരുകയാണ്. പ്രദേശവാസികൾ അനാവശ്യമായി പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പുണ്ട്. ആനയെ സുരക്ഷിതമായി വനത്തിലേക്ക് തിരിച്ചയക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.
വയനാട് കാട്ടാന ആക്രമണത്തിൽ ഒരു മരണം


