തൃശൂർ: അഞ്ച് വർഷം മുൻപ് നടന്ന ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക മറന്നുവച്ച സംഭവത്തിൽ തെളിവ് നൽകാൻ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മരിച്ചയാളുടെ പേരിൽ നോട്ടീസ്. ഒരു വർഷം മുൻപ് രോഗി മരിച്ച വിവരം അറിയാതെയാണ് തൃശൂർ മെഡിക്കൽ കോളേജിൽ നിന്ന് വിചാരണയ്ക്ക് പങ്കെടുക്കണമെന്ന് ചൂണ്ടിക്കാണിച്ച് നോട്ടീസ് നൽകിയത്.
ശസ്ത്രക്രിയയ്ക്കിടെയുണ്ടായ ഗുരുതര വീഴ് ചൂണ്ടിക്കാണിച്ച് രോഗിയുടെ കുടുംബം കോടതിയിൽ കേസ് നടത്തി വരികയായിരുന്നു. ഇതിനിടെയാണ് സംഭവം നടന്ന് അഞ്ച് വർഷങ്ങൾക്ക് ശേഷം രോഗിയോട് ഹാജരാകാൻ മെഡിക്കൽ കോളേജ് അധികൃതർ നിർദേശം നൽകിയത്.പാൻക്രിയാസ് അടക്കമുള്ള ആന്തരിക അവയവങ്ങളിൽ മുഴ കണ്ടെത്തിയതിനെ തുടർന്നായിരുന്നു കൂർഞ്ചേരി മാളിയേക്കൽ ജോസഫ് പോളിനെ 2020ൽ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. രണ്ട് ശസ്ത്രക്രിയകളാണ് അന്ന് നടത്തിയത്. രണ്ടാമത്തെ ശസ്ത്രക്രിയ കഴിഞ്ഞ് ഒന്നര മാസം കഴിഞ്ഞിട്ടും വയറിൽ അസ്വാഭാവിക വേദന അനുഭവപ്പെടുകയായിരുന്നു. പിന്നാലെ വീണ്ടും തൃശൂർ മെഡിക്കൽ കോളേജിൽ എത്തി സിടി സ്കാനിങ്ങിന് വിധേയനാക്കുകയായിരുന്നു. വയറ്റിൽ പഴുപ്പുണ്ടെന്നും വീണ്ടും ഒരു ശസ്ത്രക്രിയ കൂടി നടത്തേണ്ടി വരുമെന്നുമായിരുന്നു മെഡിക്കൽ കോളേജിൽ നിന്ന് ഡോക്ടർമാർ പറഞ്ഞത്. എന്നാൽ ഇതിൽ സംശയം തോന്നിയ ജോസഫും കുടുംബവും സ്വകാര്യ ലാബിൽ നിന്നും എക്സേ റേ എടുത്തു. പിന്നാലെയാണ് വയറ്റിൽ കത്രിക(ഫോർസെപ്സ്) കുടുങ്ങിയതായി കണ്ടെത്തിയത്. ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തി ശസ്ത്രക്രയയിലൂടെ കത്രിക പുറത്തെടുത്തു.
തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിലെ ഗ്യാസ്ട്രോ സർജനായ ഡോക്ടർക്കെതിരെ കുടുംബം പരാതി നൽകിയിരുന്നു. ഇതിനിടെ 2025 ജനുവരിയിൽ ജോസഫ് പോൾ കാൻസർ ബാധിച്ച് മരിച്ചു. മനുഷ്യാവകാശ കമ്മീഷനിൽ നിന്നടക്കം വിധിയുണ്ടായിരുന്നിട്ടും അർഹിച്ച നഷ്ടപരിഹാരം പോലുംജോസഫിന്റെ കുടുംബത്തിന് നൽകിയിരുന്നില്ല.
ഇതിന് പിന്നാലെയാണ് ഇക്കഴിഞ്ഞ 17ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ നോട്ടീസ് ജോസഫിന്റെ ഭാര്യയ്ക്ക് ലഭിച്ചത്. സംഭവത്തിൽ ഈ മാസം 20ന് തിരുവനന്തപുരം സെക്രട്ടറിയേറ്റ് അനക്സ്സിൽ നേരിട്ട് ഹാജരായി തെളിവ് നൽകണമെന്നായിരുന്നു നോട്ടീസ്. ജോസഫ് മരിച്ച വിവരം അറിയാതെ അയച്ച കത്ത് ജോസഫിൻ്റെ പേരിൽ തന്നെയായിരുന്നു. ഇതോടെ ഭാര്യ ബിന്ദു മക്കളെയും കൂട്ടി തിരുവനന്തപുരത്തേക്ക് പുറപ്പെടാൻ നിൽക്കെ അടുത്ത കത്തും വന്നു. ഹിയറിങ് മാറ്റിവച്ചതായി അറിയിച്ചുകൊണ്ടായിരുന്നു പുതിയ കത്ത്.
അഞ്ച് വർഷം മുന്നെ നടന്ന ശസ്ത്രക്രിയയിൽ കത്രിക വയറ്റിൽ കുടുങ്ങി; മരിച്ചയാൾക്ക് ഹിയറിങിന് ഹാജരാകാൻ നോട്ടീസ്


