തിരുവനന്തപുരം: കണ്ണൂർ ഡെൻ്റൽ കോളേജ് ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായ പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് ആരോപിച്ചും ലോൺ ആപ്പിൻ്റെ മറവിൽ കേസ് അട്ടിമറിക്കാൻ നടത്തുന്നുവെന്നാരോപിച്ചും നിതിൻ രാജ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ സംസ്ഥാന ഹർത്താൽ പ്രഖ്യാപിച്ചു. ഏപ്രിൽ 28നാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്.
നിരവധി ജാതി അധിക്ഷേപ പരാതികൾ വിദ്യാർത്ഥികളുടെ ഭാഗത്ത് നിന്ന് വന്നിട്ടും കോളേജിൽ അത്തരം വിവേചന സമീപനങ്ങൾ ഉണ്ടാകുന്നില്ലെന്നും പ്രതികൾ കുറ്റക്കാരല്ലെന്നുമുള്ള കണ്ണൂർ ഡെന്റൽ കോളേജ് മാനേജ്മെന്റിന്റെ നിരുത്തരവാദപരമായ നിലപാടിനെതിരെ കൂടിയാണ് ഹർത്താൽ നടത്തുന്നതെന്നും ആക്ഷൻ കൗൺസിൽ പറഞ്ഞു.മരണത്തിന് ഉത്തരവാദികളായ മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യുക, പ്രതികളെ സർവീസിൽ നിന്ന് പിരിച്ചുവിടുക, കുറ്റക്കാരനായ പ്രിൻസിപ്പൽ ഡോ. വിനോദ് മോനിയെ പ്രതി ചേർക്കുക എന്നീ ആവശ്യങ്ങളാണ് ആക്ഷൻ കൗൺസിൽ ഉന്നയിക്കുന്നത്. കണ്ണൂർ ഡെന്റ്റൽ കോളേജ് ഉടമ പ്രസ്റ്റീജ് എജ്യുക്കേഷണൽ ട്രസ്റ്റാണ്. ട്രസ്റ്റ് ഉടമ ജബ്ബാർ ഹാജിയുടെ പേരിൽ ഇതിനകം നിരവധി കേസുകളുണ്ട്. സർക്കാർ ഭൂമി അനധികൃതമായും നിയമവിരുദ്ധമായും കൈയേറി നിർമ്മിക്കുകയും വിദ്യാർത്ഥികളോട് ജാതി അധിക്ഷേപം നടത്തുകയും ചെയ്യുന്ന കണ്ണൂർ ഡെൻ്റൽ കോളേജിൻ്റെ അംഗീകാരം റദ്ദ് ചെയ്യുക, നിതിൻ രാജിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്‌ടപരിഹാരം നൽകുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചാണ് ആക്ഷൻ കൗൺസിലിന്റെ ഹർത്താൽ.
നിതിൻ രാജിൻ്റെ മരണം; ഏപ്രിൽ 28ന് സംസ്ഥാന ഹർത്താൽ പ്രഖ്യാപിച്ച് ആക്ഷൻ കൗൺസിൽ


