നീറ്റ് യുജി പുനഃപരീക്ഷയിലും പിഴവ് വരുത്തി എൻടിഎ. ഫിസിക്സ് ചോദ്യപേപ്പറിൽ രണ്ട് പിഴവുകളാണ് കണ്ടെത്തിയത്. ഒരു ചോദ്യത്തിന് ശരിയുത്തരമില്ല. ഈ ചോദ്യം റദ്ദാക്കി മൂല്യനിർണയം നടത്താനാണ് തീരുമാനം. മറ്റൊരു ചോദ്യത്തിന് രണ്ട് ശരിയുത്തരങ്ങൾ ഉണ്ടെന്നും കണ്ടെത്തി. രണ്ട് ഉത്തരങ്ങളും മൂല്യനിർണയത്തിൽ പരിഗണിക്കും.അതേസമയം, നീറ്റിലും ജെ.ഇ.ഇയിലും നിർണായക മാറ്റങ്ങൾക്ക് ശുപാർശ ചെയ്ത് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിയുടെ നേതൃത്വത്തിലുള്ള ഒൻപത് അംഗ സമിതി. പന്ത്രണ്ടാം ക്ലാസ് മാർക്കിന് 50% വെയിറ്റേജ് നൽകാനാണ് ശുപാർശ. ഇപ്പോൾ ബോർഡ് പരീക്ഷാ മാർക്ക് വെറും യോഗ്യതാ മാനദണ്ഡം മാത്രമാണ്. കോച്ചിങ് മാഫിയക്ക് തടയിടാൻ എൻ.സി.ഇ.ആർ.ടി സിലബസുമായി പരീക്ഷകൾ കൂടുതൽ സംയോജിപ്പിക്കാനും ശുപാർശയുണ്ട്.പ്രവേശന പരീക്ഷകൾ എഴുതാൻ ഒന്നിലധികം അവസരം, പരീക്ഷകൾ കംപ്യൂട്ടർ അധിഷ്ഠിതമാക്കണം തുടങ്ങി നേരത്തെ പല സമിതികളും മുന്നോട്ടുവെച്ച നിർദ്ദേശങ്ങളും ഒൻപത് അംഗ സമിതി റിപ്പോർട്ടിലുണ്ട്. ക്രമക്കേടുകളുടെയും വിദ്യാർത്ഥികളുടെ ഉയർന്ന മാനസിക സമ്മർദ്ദത്തിന്റെയും പശ്ചാത്തലത്തിൽ പ്രവേശന പരീക്ഷാ സംവിധാനം പരിഷ്കരിക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നിയോഗിച്ച സമിതിയാണിത്.
നീറ്റ് യുജി പുനഃപരീക്ഷയിലും പിഴവ്; ഫിസിക്സ് ചോദ്യപേപ്പറിൽ രണ്ട് പിഴവുകൾ


