തിരുവനന്തപുരം എഡിഎമ്മായിരുന്ന അന്തരിച്ച നവീൻ ബാബുവിന്റെ മകൾ നിരഞ്ജന നായർക്ക് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമന ഉത്തരവ് കൈമാറി. മുഖ്യമന്ത്രിയുടെ ഓഫിസിൽ എത്തിയാണ് നിരഞ്ജന ഉത്തരവ് കൈപ്പറ്റിയത്. നവീൻ ബാബുവിൻ്റെ ഭാര്യ ഡി.മഞ്ജുഷ, ആരോഗ്യമന്ത്രി കെ.മുരളീധരൻ, പഴകുളം മധു എംഎൽഎ എന്നിവരും സന്നിഹിതരായിരുന്നു. ഭക്ഷ്യസുരക്ഷാ വകുപ്പിൽ ഭക്ഷ്യസുരക്ഷാ ഓഫിസർ ആയാണ് നിരഞ്ജനയ്ക്കു സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരം നിയമനം നൽകിയിരിക്കുന്നത്.
2024 ഒക്ടോബർ 15നാണ് കണ്ണൂർ പള്ളിക്കുന്നിലെ ക്വാർട്ടേഴ്‌സിൽ നവീൻ ബാബുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. കലക്ടറേറ്റിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. ദിവ്യ അദ്ദേഹത്തെ പരസ്യമായി അധിക്ഷേപിച്ചതിന് പിന്നാലെയായിരുന്നു മരണം. നവീൻ ബാബുവിൻ്റെ മരണത്തിൽ അന്വേഷണം സർക്കാർ സിബിഐക്ക് വിട്ടിരുന്നു. സിപിഎം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി.പി.ദിവ്യയാണ് പ്രതി.


