തലപ്പാടി: തൊക്കോട്ടു ബൈക്ക് തടഞ്ഞു നിർത്തി യുവാവിനെ ഒരു സംഘം ആൾക്കാർ വെട്ടിക്കൊന്നു. കുദ്രോളി സ്വദേശിയും ആറുവർഷമായി അജ്ജിനടുക്ക, മുളുഗുഡ്ഡയിൽ താമസക്കാരനുമായ ആരിഫ് ഹുസൈൻ എന്ന ടാബ്ലറ്റ് ഹാരിഫ് (42) ആണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. മംഗ്ളൂരുവിലെ മത്സ്യ വ്യാപാരിയാണ് ആരിഫ് ഹുസൈൻ.
വെള്ളിയാഴ്ച പുലർച്ചെ ബൈക്കിൽ മംഗ്ളൂരുവിലേയ്ക്ക് പോവുകയായിരുന്നു ആരിഫ്. തൊക്കോട്ട് ഫ്ളൈ ഓവറിൽ എത്തിയപ്പോൾ കാറിലെത്തിയ ഒരു സംഘം ബൈക്കു തടഞ്ഞു നിർത്തുകയും ആരിഫിനെ റോഡിലിട്ടു വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നുവെന്നു പറയുന്നു. കൊലപാതകത്തിനു ശേഷം അക്രമി സംഘം കാറിൽ രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. വിവരമറിഞ്ഞ് ഡി സി പി മിഥുൻ്റെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മംഗ്ളൂരു, ബന്തർ പൊലീസ് സ്റ്റേഷനിലെ റൗഡി ഷീറ്റർ ആണ് കൊല്ലപ്പെട്ട ആരിഫ് ഹുസൈൻ എന്നു പൊലീസ് പറഞ്ഞു.
2022 മെയ് മാസത്തിലും ആരിഫ് ഹുസൈനെതിരെ വധശ്രമം ഉണ്ടായിരുന്നു. ജോലി സ്ഥലത്തേയ്ക്ക് പോകുന്നതിനിടയിൽ ബജാൽ എന്ന സ്ഥലത്തിനു സമീപത്ത് വച്ച് തൊപ്പി നൗഫലിൻ്റെ നേതൃത്വത്തിലായിരുന്നു അക്രമം നടത്തിയത്. അന്ന് തലനാരിഴയ്ക്കാണ് ആരിഫ് ഹുസൈൻ രക്ഷപ്പെട്ടത്. ആ കേസിൽ നൗഫലിനെയും കൂട്ടാളികളെയും പൊലീസ് അറസ്റ്റു ചെയ്‌തിരുന്നു.
ആരിഫ് ഹുസൈൻ്റെ കൊലപാതകത്തിനു ശേഷം സ്ഥലത്തു നിന്നു കാറിൽ കടന്നു കളഞ്ഞ കൊലയാളി സംഘം കാസർകോട് ജില്ലയിലേയ്ക്ക് കടക്കാൻ സാധ്യതയുണ്ടെന്നാണ് പൊലീസിൻ്റെ സംശയം. ഇക്കാര്യം കേരള പൊലീസിനെ അറിയിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പുലർച്ചെ 3.30 മണിക്കു ശേഷം തലപ്പാടി വഴി കാസർകോട്ടേക്ക് പോയ വാഹനങ്ങളെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
എന്നാൽ കൊലയാളികൾ കാസർകോട് ജില്ലയിലേയ്ക്ക് കടക്കാൻ സാധ്യത ഇല്ലെന്നാണ് കേരള പൊലീസിന്റെ വിലയിരുത്തൽ. നിയമസഭാ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ തലപ്പാടിയിൽ വിശദമായ പരിശോധനയ്ക്കു ശേഷം മാത്രമേ വാഹനങ്ങളെ കേരളത്തിലേയ്ക്ക് കടത്തിവിടുന്നുള്ളൂ. ഇതാണ് കൊലയാളികൾ കാസർകോട് ജില്ലയിൽ എത്താനുള്ള സാധ്യത ഇല്ലെന്ന നിഗമനത്തിൽ എത്താൻ പൊലീസിനെ പ്രേരിപ്പിക്കുന്നത്. എന്നിരുന്നാലും അതിർത്തി പ്രദേശങ്ങളിൽ തികഞ്ഞ ജാഗ്രതയ്ക്കും നിരീക്ഷണത്തിനും നിർദ്ദേശം നൽകിയിട്ടുണ്ട്.
തൊക്കോട്ട് യുവാവിനെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് 2022ൽ വധശ്രമത്തിൽ നിന്നു രക്ഷപ്പെട്ട റൗഡി ഷീറ്റർ, അന്വേഷണം കാസർകോട് ജില്ലയിലേയ്ക്കും


