പെട്രോളിന്റെയും ഡീസലിൻ്റെയും എക്സൈസ് നികുതി കേന്ദ്രസർക്കാർ കുറച്ചു

ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധത്തിൻ്റെ ഫലമായി ഇന്ധനവില വർദ്ധിക്കുമെന്ന ആശങ്കകൾക്കിടയിൽ പെട്രോളിന്റെയും ഡീസലിൻ്റെയും എക്സൈസ് നികുതി കേന്ദ്രസർക്കാർ കുറച്ചു. രാജ്യാന്തര ക്രൂഡ് വില കുതിച്ചുകയറുന്നതിനിടെയാണ് കേന്ദ്രസർക്കാരിൻ്റെ നീക്കം. പെട്രോളിൻ്റേത് 13 രൂപയായിരുന്ന തീരുവ മൂന്നു രൂപയായും ഡീസലിന് ബാധകമായിരുന്ന തീരുവ 10 രൂപയായിരുന്നത് പൂർണമായും ഒഴിവാക്കി.
ക്രൂഡോയിൽ വിലവർധനയുടെ ഭാരം ജനങ്ങളിലേക്ക് എത്താതിരിക്കാനും ഓയിൽ മാർക്കറ്റിങ് കമ്പനികൾക്ക് നിലവിലുണ്ടാകുന്ന നഷ്ടം നികത്താനുമാണ് കേന്ദ്രത്തിൻ്റെ നീക്കം. പെട്രോളിൻ്റെയും ഡീസലിൻ്റെയും ചെറുകിട വിൽപന വിലയിൽ മാറ്റമുണ്ടാവില്ല.
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ എണ്ണക്കമ്പനിയായ നയാര പെട്രോളിൻ്റെയും ഡീസലിൻ്റെയും വില വർധിപ്പിച്ചിരുന്നു. മറ്റു കമ്പനികളും സമാനമായ വിലവർധന നടപ്പാക്കുമോയെന്ന അഭ്യൂഹങ്ങൾക്കിടെയാണ് എക്സൈസ് തീരുവ കുറച്ചിരിക്കുന്നത്. ബ്രെന്റ്റ് ക്രൂഡിൻ്റെ വില ബാരലിന് 106.73 രൂപയാണ്.
കഴിഞ്ഞ ഏപ്രിലിലാണ് അവസാനമായി അധിക എക്സൈസ് തീരുവ കേന്ദ്രം പരിഷ്കരിച്ചത്. അന്ന് രാജ്യാന്തര എണ്ണവില ഗണ്യമായി കുറഞ്ഞതിൻ്റെ മെച്ചം ജനങ്ങൾക്ക് നിഷേധിച്ചുകൊണ്ട്, പെട്രോളിൻ്റെയും ഡീസലിൻ്റെയും അഡീഷനൽ എക്സൈസ് നികുതി കേന്ദ്രസർക്കാർ രണ്ടു രൂപ വീതം കൂട്ടുകയാണ് ചെയ്‌തത്‌. പമ്പുകളിൽ പെട്രോളിൻ്റെയും ഡീസലിന്റെയും വില അന്ന് കൂടിയില്ലെങ്കിലും, ജനങ്ങൾക്ക് അർഹതപ്പെട്ട ഇളവ് ലഭിച്ചില്ല.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top