മുണ്ടത്തിക്കോട് അപകടം: മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ, പരുക്കേറ്റവർക്ക് 2 ലക്ഷം രൂപ; ധനസഹായം പ്രഖ്യാപിച്ച് സർക്കാർ

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ ദുരന്തത്തിൽ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ നൽകും. സിഎംആർഡിഎഫിൽ നിന്നും 10 ലക്ഷം എസ്‌ഡിആർഎഫിൽ നിന്നും 4 ലക്ഷം രൂപയും നൽകും പരുക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും പ്രഖ്യാപിച്ചു. ചികിത്സ ചെലവ് മുഴുവൻ സർക്കാർ വഹിക്കും. പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണവും ഉണ്ടാകും.ദുരന്തത്തിൽ മരിച്ചവരിൽ ഏഴ് പേരെ തിരിച്ചറിഞ്ഞു. ഇവരുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. പരുക്കേറ്റ് ചികിത്സയിലുള്ള പതിമൂന്ന് പേരിൽ രണ്ട് പേർ വെന്റിലേറ്ററിലാണ്. ഡിഎൻഎ പരിശോധനയ്ക്കായി രാജീവ് ഗാന്ധി ബയോ ടെക്നോളജിയിലെ ഏഴംഗസംഘം തൃശൂർ മെഡിക്കൽ കോളജിൽ എത്തി. തൃശൂർ പഴയന്നൂർ സ്വദേശി സുദർശനൻ, എടപ്പാൾ സ്വദേശിമണികണ്ഠൻ, പാലക്കാട് കുമരനെല്ലൂർ സ്വദേശി വാസുദേവൻ, കുണ്ടന്നൂർ സ്വദേശി സുവിൻ, കോട്ടപ്പുറം സ്വദേശി മണികണ്ഠൻ, ബിജീഷ്, കൊളത്തൂർ സ്വദേശി സുബ്രഹ്മണ്യൻ എന്നിവരുടെ മൃതദേഹമാണ് കൈമാറിയത്.
മുപ്പതോളം ശരീരാവശിഷ്ട‌ങ്ങൾ ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കും. പതിമൂന്ന് പേരാണ് പരുക്കേറ്റ് ചികിത്സയിലുള്ളത്. പതിന്നൊന്ന് പേർ തൃശൂർ മെഡിക്കൽ കോളജിലും രണ്ട് പേർ എലൈറ്റ് ആശുപത്രിയിലുമാണ്. മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള രണ്ട് പേർ വെന്റിലേറ്ററിലാണ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top