കോഴിക്കോട്: പ്രസവ സമയത്ത് പുറത്തെടുക്കുമ്പോൾ നവജാത ശിശുവിന്റെ കയ്യൊടിഞ്ഞതായി പരാതി. കക്കോടി ഒറ്റതെങ്ങ് സ്വദേശി സുജിൻ, അമല ദമ്പതികളുടെ കുട്ടിയുടെ കൈയുടെ എല്ല് പൊട്ടിയെന്നാണ് പരാതി. കോഴിക്കോട് മെഡിക്കൽ കോളെജിനെതിരെയാണ് വീണ്ടും ചികിത്സാപ്പിഴവ് ആരോപണം ഉയർന്നത്.
കുഞ്ഞിന്റെ വലത് കൈയ്യിലെ എല്ല് ആണ് പൊട്ടിയത്. പ്രസവശേഷം ആശുപത്രി അധികൃതർ മാതാപിതാക്കളെ കാണിക്കുന്നതിന് മുമ്പ് കുഞ്ഞിന്റെ കൈക്ക് പ്ലാസ്റ്റർ ഇട്ടിരുന്നുവെന്നും രണ്ടാം ദിവസം ഇത് അഴിഞ്ഞ് വീണുവെന്നും പരാതിക്കാർ ആരോപിച്ചു. കുട്ടി വേദനകൊണ്ട് കരഞ്ഞെങ്കിലും ഡോക്ടർമാർ തിരിഞ്ഞുനോക്കിയില്ലെന്ന് അമല പറയുന്നു.മണിക്കൂറുകൾ കാത്തുനിന്ന് അഭ്യർത്ഥിച്ചെങ്കിലും ഡോക്ടർമാർ ആരുംതന്നെ കുട്ടിക്ക് ചികിത്സ നൽകിയില്ലെന്നും രക്ഷിതാക്കൾ ആരോപിച്ചു. തുടർന്ന് കുടുംബം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതിനാൽ കുട്ടിയുടെ കയ്യിൽ എല്ല് സ്ഥാനം തെറ്റിയതായും ആരോപണം ഉണ്ട്. സംഭവത്തിൽ മെഡിക്കൽ കോളേജ് സൂപ്രണ്ട്, മെഡിക്കൽ കോളജ് പൊലീസ് എന്നിവർക്ക് കുടുംബം പരാതി നൽകി.
പ്രസവ സമയത്ത് പുറത്തെടുക്കുമ്പോൾ നവജാത ശിശുവിന്റെ കയ്യൊടിഞ്ഞു; കോഴിക്കോട് മെഡി. കോളേജിനെതിരെ പരാതി


