കൊച്ചി: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു ആൾക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ട കേസിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. ഒന്നാംപ്രതി ഹുസൈനെ വെറുതെ വിട്ടതിനെതിരെയാണ് അപ്പീൽ നൽകിയിരിക്കുന്നത്. തെളിവുകൾ കൃത്യമായി ഹൈക്കോടതി പരിഗണിച്ചില്ലെന്നാണ് സർക്കാർ ചൂണ്ടിക്കാട്ടുന്നത്. ഗുരുതര കുറ്റകൃത്യമാണ് ഹുസൈൻ നടത്തിയതെന്നും സർക്കാർ പറയുന്നു.
മധു വധക്കേസിൽ ഹൈക്കോടതി മെയ് മാസം ശിക്ഷ വിധിച്ചിരുന്നു. കേസിൽ പന്ത്രണ്ട് പ്രതികൾക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷയായിരുന്നു വിധിച്ചത്. ഒരു പ്രതിക്ക് ഒരു വർഷം തടവ് ശിക്ഷയും വിധിച്ചു. എന്നാൽ ഒന്നാം പ്രതി ഹുസൈനെ ഹൈക്കോടതി വെറുതെവിട്ടിരുന്നു. നാലാം പ്രതിയെയും 11-ാം പ്രതിയെയും വെറുതെവിട്ട വിചാരണക്കോടതിയുടെ വിധി ഹൈക്കോടതി ശരിവെക്കുകയും ചെയ്തിരുന്നു. കുറ്റക്കാരായ 13 പ്രതികൾക്കുമെതിരെ പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമത്തിലെ കുറ്റങ്ങൾ നിലനിൽക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമത്തിലെ കുറ്റങ്ങൾ നിലനിൽക്കില്ലെന്ന വിചാരണക്കോടതി വിധി ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. പ്രതികളുടെ ശിക്ഷാവിധി ഉയർത്തണമെന്ന് അന്ന് തന്നെ സർക്കാർ ആവശ്യപ്പെട്ടിരുന്നു.കേസിൽ പ്രതികളെ വെറുതെ വിട്ടതിനെതിരെ കുടുംബം സുപ്രീം കോടതിയെ സമീപിക്കും എന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ച് നിയമസഹായം തേടി മധുവിൻ്റെ കുടുംബം മുഖ്യമന്ത്രിയെ കാണ്ടു. സർക്കാർ നിയമസഹായം നൽകുമെന്ന് പ്രതീക്ഷയുണ്ടെന്നായിരുന്നു മധുവിന്റെ സഹോദരി സരസു അറിയിച്ചിരുന്നത്. അപ്പീൽ പോകാതിരിക്കാൻ സമ്മർദ്ദമുണ്ടായിരുന്നുവെന്നും ഇപ്പോഴും ഭയത്തോടെയാണ് ജീവിക്കുന്നതെന്നും സരസു പറഞ്ഞിരുന്നു. മധു അനുഭവിച്ചതുപോലൊരു വേദന ഇനി ആരും അനുഭവിക്കരുതെന്നും മുഴുവൻ പ്രതികൾക്കും ശിക്ഷ ലഭിക്കുന്നതുവരെ നിയമപോരാട്ടം തുടരുമെന്നും സരസു പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ സർക്കാർ വിധിയിൽ അപ്പീൽ നൽകിയിരിക്കുന്നത്.വിചാരണക്കോടതിക്കെതിരായ പ്രതികളുടെ അപ്പീലിൽ ഹുസൈന്റെ അപ്പീൽ ഹൈക്കോടതി സ്വീകരിക്കുകയും മറ്റ് പ്രതികളുടെ അപ്പീൽ തള്ളുകയുമായിരുന്നു. കിളിയിൽ മരക്കാർ, പുതുവാച്ചോല ഷംസുദ്ദീൻ, താഴുശ്ശേരി രാധാകൃഷ്ണൻ, പുതുച്ചോല അബൂബക്കർ, കുരുക്കൽ വീട്ടിൽ സിദ്ദീഖ്, നജീബ്, ജെയ്ജുമോൻ, സജീവ്, മുരുക്കട സതീശ്, പെരുവിൽ വീട്ടിൽ ബിജു, മുനീർ തുടങ്ങിയ പ്രതികളുടെ അപ്പീലാണ് ഹൈക്കോടതി തള്ളിയത്. കാട്ടിൽ നിന്ന് പിടിച്ചുകൊണ്ട് വന്ന് മധുവിനെ മുക്കാലി ടൗണിൽ നിർത്തിയ അവസാന സമയത്ത് ചവിട്ടിയത് ഹുസൈനാണെന്നും ആ ചവിട്ടിൽ തെറിച്ചുവീണാണ് മധു മരിച്ചതെന്നുമായിരുന്നു പ്രോസിക്യൂഷൻ്റെ വാദം. എന്നാൽ താൻ അങ്ങനെ ചെയ്തിട്ടില്ലെന്നും ആൾക്കൂട്ടത്തിനിടയിലാണ് താൻ ഉണ്ടായതെന്നും ഹുസൈൻ വാദിക്കുകയായിരുന്നു. ഹുസൈൻ ദൃശ്യങ്ങളും ഹാജരാക്കിയിരുന്നു.2018 ഫെബ്രുവരി 22നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മാനസിക വെല്ലുവിളി നേരിട്ടിരുന്ന ആദിവാസി യുവാവായ മധുവിനെ മോഷണക്കുറ്റം ആരോപിച്ച് മർദ്ദിച്ച് കൊല്ലുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മണ്ണാർക്കാട് പട്ടികജാതി, പട്ടികവർഗ പ്രത്യേക കോടതി 13 പ്രതികൾക്ക് ഏഴ് വർഷത്തെ കഠിനതടവും പിഴയും ശിക്ഷ വിധിക്കുകയായിരുന്നു.
അട്ടപ്പാടി മധു വധക്കേസ്; ഒന്നാം പ്രതിയെ വെറുതെ വിട്ടതിനെതിരെ സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകി

