മുംബൈ ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ മുൻ
മാനേജരായിരുന്ന ദിഷ സാലിയൻ്റെ ദൂരുഹമരണത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ബോംബെ ഹൈക്കോടതി. അന്വേഷണ ഉദ്യോഗസ്‌ഥന് കൃത്യമായ തെളിവുകൾ ലഭിക്കുന്നതുവരെ ആരെയും പ്രതിയായി ചിത്രീകരിക്കരുതെന്നും കോടതി വ്യക്‌തമാക്കി. ദിഷ സാലിയൻ്റെ മരണത്തിൽ മുംബൈ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഗുരുതരമായ വീഴ്ചകൾ സംഭവിച്ചുവെന്ന് ആരോപിച്ച് പിതാവ് സതീഷ് സാലിയൻ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ നിർണായക ഇടപെടൽ.
ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്ത് മുംബൈ ബാന്ദ്രയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുന്നതിനു ദിവസങ്ങൾക്ക് മുൻപ്, 2020 ജൂൺ എട്ടിനാണ് ദിഷ സാലിയനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുംബൈ പൊലീസ് എഫ്‌ഐആർ റജിസ്‌റ്റർ ചെയ്യാതെ വെറുമൊരു അസ്വാഭാവിക മരണമായി മാത്രം കേസ് ഒതുക്കിത്തീർക്കാൻ ശ്രമിച്ചതാണ് കോടതിയുടെ കടുത്ത ഇടപെടലിനു കാരണമായത്.
ദിഷയുടെ പിതാവ് സതീഷ് സാലിയൻ്റെ മൊഴി രേഖപ്പെടുത്താനും, ഔദ്യോഗികമായി എഫ്‌ഐആർ റജിസ്‌റ്റർ ചെയ്യാനും, അന്വേഷണത്തിനായി ഒരു മുതിർന്ന സിബിഐ ഉദ്യോഗസ്‌ഥനെ നിയമിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇതോടൊപ്പം മൽവാണി പൊലീസ് സ്‌റ്റേഷനിലെ കേസ് ഡയറികളും മറ്റ് രേഖകളും ഉടനടി സിബിഐക്ക് കൈമാറാൻ കോടതി ഉത്തരവിട്ടിട്ടുണ്ടെന്നും സതീഷ് സാലിയന്റെ അഭിഭാഷകൻ നീലേഷ് ഓജ പറഞ്ഞു. സ്വാധീനമുള്ള ചില വ്യക്‌തികളും ചില ഉന്നത പൊലീസ് ഉദ്യോഗസ്‌ഥരും മരണത്തിനു പിന്നിലുണ്ടെന്നും, ആവശ്യമായ തെളിവുകൾ കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുപ്രീം കോടതിയുടെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും ഭരണഘടനാ ബെഞ്ചിന്റെയും മാർഗനിർദേശങ്ങൾ പ്രകാരം ഇത്തരം കേസുകളിൽ എഫ്ഐആർ നിർബന്ധമായിരുന്നിട്ടും മുംബൈ പൊലീസ് അത് ചെയ്യാൻ കൂട്ടാക്കിയില്ലെന്ന് നീലേഷ് ഓജ കുറ്റപ്പെടുത്തി. കഴിഞ്ഞ തവണ ഈ കേസ് പരിഗണിച്ച ജസ്‌റ്റിസ് ഭാരതി ദാംഗ്രെ, ജസ്‌റ്റിസ് മഞ്ജുഷ ദേശ്‌പാണ്ഡെ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് മുംബൈ പൊലീസിൻ്റെ നടപടികളിൽ കടുത്ത ആശങ്ക രേഖപ്പെടുത്തിയിരുന്നു. കുടുംബം കൊലപാതകമാണെന്ന് ആവർത്തിച്ച് ആരോപിച്ചിട്ടും എന്തുകൊണ്ടാണ് എഫ്ഐആർ എടുക്കാത്തതെന്ന് കോടതി ചോദിച്ചു. സിബിഐ അന്വേഷണം ആരംഭിക്കുന്നതോടെ ബോളിവുഡിനെ ഉലച്ച ദൂരുഹ മരണത്തിന്റെ ചുരുളഴിയുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ.

