തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടന പത്രിക പുറത്തിറക്കി എൽഡിഎഫ്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇടത് മുന്നണിയുടെ പ്രകടനപത്രിക പുറത്തിറക്കിയത്. എല്ലാ ക്ഷേമ പെൻഷനുകളും 3,000 രൂപയായി ഉയർത്തും, 2026-27ൽ സംസ്ഥാനത്തെ ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിലെ വിദ്യാർത്ഥികൾക്ക് ബിരുദ വിദ്യാഭ്യാസം സൗജന്യമായി നൽകും, പവർ കട്ട് ഇല്ലാത്ത കാലം തുടരും തുടങ്ങി സുപ്രധാന വാഗ്ദാനങ്ങളാണ് എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പത്രികയിലുള്ളത്.സ്ത്രീകളിൽ 50 ശതമാനം പേർക്ക് ജോലി ഉറപ്പുവരുത്തും. ഇതിന് കുടുംബശ്രീയും തദ്ദേശഭരണ സ്ഥാപനങ്ങളും നേതൃത്വം നൽകും. സമ്പൂർണ്ണ മാലിന്യ സംസ്കരണം ഉറപ്പാക്കും. ടൂറിസം വളർച്ചയ്ക്ക് വിശദമായ പദ്ധതികളും തെരഞ്ഞെടുപ്പ് പത്രികയിലുണ്ട്. 15 ലക്ഷം വിദേശ ടൂറിസ്റ്റുകളെ ആകർഷിക്കുകയാണ് ലക്ഷ്യം. അഞ്ച് ലക്ഷം കുടുംബങ്ങളെ ദാരിദ്ര്യമുക്തമാക്കും. ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് പൂർണമായും നടപ്പാക്കും.
സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾക്കതിരെ എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളിലും സ്ത്രീകളുടെ വിപുലമായ പങ്കാളിത്തത്തോടു കൂടി ക്രൈം മാപ്പിങ് നടത്തും. പട്ടിക വർഗ ക്ഷമം ഉറപ്പുവരുത്തും. പട്ടിക വർഗ്ഗക്കാർക്കുള്ള ഉപ പദ്ധതി പൂർണ്ണമായും ഊരുകൂട്ടങ്ങളുടെ തീരുമാനത്തിന് വിധേയമായിട്ടായിരിക്കും നടപ്പാക്കുക. ആരോഗ്യ മേഖലയിൽ മികച്ച ചികിത്സ ഉറപ്പാക്കും. കെ-ഫോൺ വിപുലമാക്കും. കാലാവസ്ഥ വ്യതിയാനം നേരിടാൻ പദ്ധതികൾ ആവിഷ്കരിക്കുമെന്നും എൽഡിഎഫ് പ്രകടന പത്രികയിൽ വ്യക്തമാക്കുന്നു.
ന്യൂനപക്ഷ മതരാഷ്ട്ര ശക്തികളുമായി പരസ്യമായി കൂട്ടുകൂടുമ്പാൾ തന്നെ ഇടതുപക്ഷത്തെ തോൽപ്പിക്കുന്നതിന് ബിജെപിയുമായി രഹസ്യധാരണയിൽ എത്താൻ മടിക്കാത്ത യുഡിഎഫിന് കേരളത്തിൻ്റെ മതനിരപേക്ഷ പാരമ്പര്യവും സാമൂഹ്യമൈത്രിയും സംരക്ഷിക്കാൻ കഴിയില്ല. വർഗീയ ശക്തികൾക്ക് ഒരു സ്വാധീനവുമില്ലാത്ത ഭരണം കാഴ്‌ചവയ്ക്കാൻ എൽഡിഎഫിനു മാതമേ കഴിയൂവെന്നും പ്രകടന പത്രികയിൽ പറയുന്നു.സംസ്ഥാനത്തെ അടിസ്ഥാന വികസനത്തിന് പ്രാധാന്യം നൽകിയെന്നും തനത് നികുതി വരുമാനം വർദ്ധിച്ചുവെന്നും പറഞ്ഞ മുഖ്യമന്ത്രി ജനങ്ങളുടെ സാമ്പത്തിക ശേഷി വർദ്ധിച്ചുവെന്നും കൂട്ടിച്ചേർത്തു. ജനകീയ സംവാദങ്ങൾക്ക് ശേഷമാണ് പ്രകടന പത്രികക്ക് രൂപം നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലുറപ്പിനെ തകർക്കാനുള്ള നീക്കങ്ങളെ പ്രതിരോധിക്കും. സ്ത്രീകളിൽ 50 ശതമാനം പേർക്ക് ജോലി ഉറപ്പാക്കും. കേന്ദ്ര സർക്കാറിനെതിരെയുള്ള നിലപാട് തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥനത്ത് വികസനവും സാമൂഹിക ക്ഷേമവും ഒന്നിച്ച് കൊണ്ടുപോകാൻ കഴിഞ്ഞു. നിർണായ തെരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്. ജനങ്ങളുടെ വഴിക്കാണ് സർക്കാർ പോയത്. തുടർ ഭരണം ഉണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
‘കേരളത്തിൽ പഠിച്ചാൽ ജോലി ഉറപ്പ്, പവർ കട്ട് ഇല്ലാത്ത കാലം തുടരും’; പ്രകടനപത്രിക പുറത്തിറക്കി LDF


