ഒറ്റയടിക്ക് 1080 രൂപ വർധിച്ചു; സ്വർണവില വീണ്ടും 1,13,000ലേക്ക്

കൊച്ചി: സംസ്ഥാനത്ത് സ്വർണവില കൂടി. പവന് ഇന്ന് ഒറ്റയടിക്ക് 1080 രൂപയാണ് വർധിച്ചത്. 1,12,880 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 135 രൂപയാണ് വർധിച്ചത്. 14,110 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.പശ്ചിമേഷ്യൻ സംഘർഷത്തിന് അയവ് വരുന്നതിന് വീണ്ടും അമേരിക്ക- ഇറാൻ സമാധാന ചർച്ചകൾക്ക് നീക്കം നടക്കുന്നതായുള്ള റിപ്പോർട്ടുകളാണ് സ്വർണവിലയെ സ്വാധീനിച്ചത്. ഇതിൻ്റെ ഫലമായി എണ്ണവില കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സ്വർണവില വർധിച്ചത്.
ഇറാനുമായുള്ള യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷ നൽകി വെടിനിർത്തൽ നീട്ടി അമേരിക്കൻ പ്രസിഡന്റ്റ് ഡോണൾഡ് ട്രംപ് നടത്തിയ പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ച് ദിവസങ്ങൾക്ക് മുൻപ് സ്വർണവിലയിൽ വലിയ മുന്നേറ്റം ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം നടന്ന ഇറാൻ- അമേരിക്ക ചർച്ച പരാജയപ്പെട്ടതോടെ എണ്ണവില ഉയർന്ന് വീണ്ടും ബാരലിന് 100 ഡോളറിന് മുകളിൽ എത്തിയതിന് പിന്നാലെ ഇന്നലെ സ്വർണവില കുറഞ്ഞിരുന്നു. എന്നാൽ അമേരിക്ക- ഇറാൻ ചർച്ച വീണ്ടും നടക്കാനുള്ള സാധ്യതയാണ് ഇന്ന് സ്വർണവില തിരിച്ചുകയറാൻ സഹായിച്ചത്.പശ്ചിമേഷ്യൻ സംഘർഷമാണ് പ്രധാനമായി സ്വർണവിലയെ സ്വാധീനിക്കുന്നത്. ഇതിനെ തുടർന്ന് എണ്ണവില കൂടുന്നതും കുറയുന്നതും സ്വർണവിലയിൽ പ്രതിഫലിക്കുന്നുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വർണ വിലയിലെ റെക്കോർഡ്. ഡിസംബർ 23നാണ് പവൻ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top