കാസർകോട്: പ്രവർത്തകരെ അറസ്റ്റ് ചെയ്‌ത് കയറ്റിയ പൊലീസ് ജീപ്പ് തടയാനായി ബിജെപി ജില്ലാ പ്രസിഡൻ്റ് എം എൽ അശ്വിനിയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ ശ്രമം സോഷ്യൽ മീഡിയയിൽ വൈറൽ. പ്രവർത്തകരെ കയറ്റിയ പൊലീസ് ജീപ്പിന് പിന്നിലേയ്ക്ക് മുദ്രാവാക്യവുമായി ബിജെപി കാസർകോട് ജില്ലാ പ്രസിഡന്റ് എം എൽ അശ്വിന് എത്തുന്നതും ജീപ്പ് സുഗമമായി മുന്നോട്ട് എടുത്ത് പോകുന്നതുമായ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കാസർകോട് എത്തിയ വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീനെതിരെ നടന്ന പ്രതിഷേധത്തിലാണ് രസകരമായ സംഭവം ഉണ്ടായത്.
ആവേശകരമായ മുദ്രാവാക്യവുമായി ബിജെപി ജില്ലാ പ്രസിഡൻന്റ് മറ്റ് പ്രവർത്തകരെ അറസ്റ്റ് ചെയ്‌ത് കയറ്റിയ പൊലീസ് ജീപ്പിന് പിന്നിലെ സ്റ്റെപ്പിനി ടയറിൽ പിടിച്ച് നിൽക്കുന്നതാണ് വീഡിയോയിലുള്ളത്. ഇത് സർക്കാർ വക സ്ഥലമാണെന്നും ഇവിടെ നിൽക്കാൻ ആർക്കും അവകാശമുണ്ടെന്നും ബിജെപി നേതാവ് പറയുന്നുണ്ടായിരുന്നു. ഈ വണ്ടി ഇവിടെ നിന്ന് എങ്ങനെ പോകുമെന്ന് കാണണമെന്ന് പറഞ്ഞ പ്രസിഡന്റ്റ് പിന്നാലെ സവർക്കർ അനുകൂല മുദ്രാവാക്യങ്ങലും വിളിക്കാൻ തുടങ്ങി.എന്നാൽ യാതൊരു പ്രയാസവുമില്ലാതെ വാഹനം മുന്നിലേക്ക് എടുത്തപ്പോഴാണ് വാഹനം തടയാൻ മുന്നിൽ ആളുണ്ടായിരുന്നില്ല എന്ന് ജില്ലാ പ്രസിഡന്റിന് മനസ്സിലാകുന്നത്. ആദ്യം മുന്നിൽ നിന്ന് വണ്ടി തടഞ്ഞിരുന്നെങ്കിലും ജില്ലാ പ്രസിഡന്റ് പിന്നിലേക്ക് പോയപ്പോൾ എല്ലാവരും അവരോടൊപ്പം പുറകിലേക്ക് പോകുകയായിരുന്നു. പിന്നാലെ, താൻ പുറകിൽ വന്നപ്പോൾ എല്ലാവരും പിന്നിൽ വന്നോ എന്നും വണ്ടി തടയാൻ മുന്നിൽ ആരെങ്കിലും നിൽക്കണ്ടെ എന്നും എം എൽ അശ്വിനി ചോദിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. വാഹനം പോയതിന് ശേഷം വീണ്ടും ജില്ലാ പ്രസിഡൻ്റ് മുദ്രാവാക്യം തുടരുകയായിരുന്നു. സവർക്കർ അനുകൂല ചോദ്യാവലി തയ്യാറാക്കിയ അധ്യാപകനെ സസ്പെന്റ് ചെയ്തതിനായിരുന്ന വിദ്യാഭ്യാസ മന്ത്രിക്കെതിരെ ബിജെപി പ്രതിഷേധമുണ്ടായത്.
വണ്ടി തടയാൻ മുന്നിൽ ആരെങ്കിലും വേണ്ടേ! അശ്വിനിക്കൊപ്പം എല്ലാവരും പിന്നിലേയ്ക്ക് എത്തി; BJP പ്രതിഷേധം പാളി


